
Perinthalmanna Radio
Date: 24-02-2023
പെരിന്തൽമണ്ണ: പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമലയുടെ പരിസരത്ത് ടോറസ് ലോറിയിൽ കൊണ്ടുവന്ന് മാലിന്യംതള്ളിയ കേസിൽ സുപ്രധാന വിധിയുമായി പുലാമന്തോൾ ഗ്രാമന്യായാലയ കോടതി.
നാലു പ്രതികൾക്ക് മൂന്ന് മാസത്തേക്ക് നല്ല നടപ്പും മൂന്ന് ദിവസം പെരിന്തൽമണ്ണ നഗരസഭാ ഖരമാലിന്യ പ്ലാന്റിൽ നിർബന്ധിത മാലിന്യ സംസ്കരണ പ്രവർത്തനവുമാണ് വിധിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റും(രണ്ട്) പുലാമന്തോൾ ഗ്രാമന്യായാധിപനുമായ ടി.കെ. യഹിയയാണ് ശിക്ഷ വിധിച്ചത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭയുടെ സഹകരണത്തോടെയാകും നിർബന്ധിത സാമൂഹിക സേവനം നടപ്പാക്കുക.
മാലിന്യശേഖരണം, ഖരമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിക്കൽ, ശേഖരിച്ച മാലിന്യം വളമാക്കുന്ന പ്രവൃത്തി തുടങ്ങിയവയിൽ പ്രതികളായ യുവാക്കൾ പങ്കുചേരും. ജില്ലാ പ്രൊബേഷൻ ഓഫീസർ വിധിയെക്കുറിച്ചും സാമൂഹികസേവനം ചെയ്യേണ്ടതിന്റെ ആവശ്യകതയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്തു.
തെറ്റ് ചെയ്തവരുടെ പ്രായം, സാമൂഹിക പാശ്ചാത്തലം, സാമ്പത്തികാവസ്ഥ, തെറ്റ് ചെയ്യാനുണ്ടായ സാഹചര്യം, തെറ്റിന്റെ പാരിസ്ഥിതിക സാമൂഹികവശം, മുതലായവ പരിഗണിച്ചാണ് കോടതി ഉത്തരവ്.
2022 ജൂലായ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ പോലീസ് എടുത്ത കേസിൽ ആറ് യുവാക്കളാണ് പ്രതികളായിരുന്നത്. ഇതിൽ നാലുപേരെയാണ് ശിക്ഷിച്ചത്.
കോഴിക്കോട്ടു നിന്ന് ടോറസ് ലോറികളിൽ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കൊടികുത്തി മലയിലേക്കുള്ള റോഡരികിലെ വ്യക്തിയുടെ സ്ഥലത്ത് തള്ളാനെത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. താഴേക്കോട് പഞ്ചായത്ത് അധികൃതർ ലോറിക്കാരുടെ കൈവശമുണ്ടായിരുന്ന ഇൻവോയ്സിലെ വിലാസത്തിൽ നോട്ടീസ് അയച്ചെങ്കിലും സ്ഥാപനത്തിന്റെ ആളുകളെ കണ്ടെത്താനായിരുന്നില്ല.
മാലിന്യം നീക്കാൻ വലിയ ചെലവുവരുമെന്നതിനാൽ തള്ളിയവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരും നാട്ടുകാരും കളക്ടർക്കും പോലീസിലും പരാതി നൽകിയിരുന്നു. ഇത്രകാലമായിട്ടും മാലിന്യം ഇവിടെനിന്ന് നീക്കിയിട്ടില്ല. സ്ഥലം ഉടമയുടെ ചെലവിൽ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
