
Perinthalmanna Radio
Date: 05-03-2023
പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിനുകൾ വൈകിയെത്തുന്നതും പിടിച്ചിടുന്നതും പതിവായി. എൻജിനുകളുടെയും പാളത്തിന്റെയും
കാലപ്പഴക്കമാണ് ഇതിന് കാരണമാകുന്നത്. ട്രെയിനുകളുടെ അടിക്കടിയുള്ള എൻജിൻ തകരാറാണ് പാതയിലെ ട്രെയിൻ ഗതാഗതത്തിന്റെ സമയക്രമം വലിയ തോതിൽ
തെറ്റിക്കുന്നത്. ഈ റൂട്ടിൽ മിക്ക ട്രെയിനുകൾക്കും ഉപയോഗിക്കുന്നത് പഴയ ഡീസൽ എൻജിനുകളാണ്. ഇതുമൂലമാണ് അടിക്കടിയുള്ള എൻജിൻ തകരാറ്. കഴിഞ്ഞ ദിവസം വഴിയിൽ കിടന്ന ട്രെയിൻ നീക്കുന്നതിന് അങ്ങാടിപ്പുറത്ത് നിന്ന് ഗുഡ്സ് ട്രെയിനിൻ്റെ എൻജിൻ ഉപയോഗിച്ച സാഹചര്യവും ഉണ്ടായി. പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ
നടക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഡീസൻ എൻജിനുകൾ ആവശ്യമില്ലാതാകും. അതിനാൽ പുതിയ എൻജിനുകളുടെ കാര്യത്തിൽ അധികൃതർ നിസ്സംഗത പുലർത്തുകയാണ്.
എന്നാൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകാൻ ഒരു വർഷമെങ്കിലും എടുത്തേക്കും. പഴകിയ പാളങ്ങളും പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം പാളം ദ്രവിച്ച് വിണ്ടു കീറുന്ന സാഹചര്യവും ഉണ്ട്. കഴിഞ്ഞ ദിവസം ചെറുകരയിൽ പാളം വീണ്ടു കീറിയതു മൂലം ട്രെയിൻ സർവീസുകൾ വൈകിയിരുന്നു. പാളത്തിന്റെ പഴക്കം കാരണമുള്ള തേയ്മാനം മൂലവും മഴക്കാലത്ത് പാതയിൽ പാളത്തിലെ വഴുക്കൽ മൂലവും ട്രെയിനുകൾ പിടിച്ചിടേണ്ടി വരാറുണ്ട്. 66 കി. മീ. ദൂരത്തിലുള്ള പാതയിൽ 4 ക്രോസിങ്ങ് സ്റ്റേഷനുകളെങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ ഷൊർണൂരിൽ നിന്ന് 28 കി. മീ. അകലെ അങ്ങാടിപ്പുറത്തും 58 കി. മീ. അകലെ വാണിയമ്പലത്തും മാത്രമാണ്
ക്രോസിങ്ങ് സ്റ്റേഷനുകളുള്ളത്.
അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയ്ക്ക് മേലാറ്റൂരോ തുവ്വൂരോ ക്രോസിങ്ങ് സ്റ്റേഷൻ ആവശ്യമാണ്.
ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും ഇടയ്ക്ക് കുലുക്കല്ലൂരോ വല്ലപ്പുഴയിലോ ക്രോസിങ്ങ് സ്റ്റേഷൻ ആവശ്യമാണ്. ഇതും പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നു. 2 ക്രോസിങ്ങ് സ്റ്റേഷനുകൾ കൂടി വേണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. നിലവിൽ എവിടെയെങ്കിലും തകരാറു മൂലം ട്രെയിൻ നിർത്തിയിടേണ്ടി വന്നാൽ മറ്റ് ട്രെയിനുകൾക്ക് ക്രോസിങ്ങ് സ്റ്റേഷൻ ഇല്ലാത്തതു മൂലം മുന്നോട്ട് കടന്നു പോകാനാവില്ല. ഇതുമൂലം തുടർന്നു വരുന്ന ട്രെയിനുകളെല്ലാം ഇരു വശത്തും പിടിച്ചിടേണ്ടി വരുന്ന പിന്നീട് വൈകിയോടും. ഒട്ടേറെ സ്ഥിരം യാത്രക്കാർ പാതയിലെ ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. ട്രെയിനുകൾ
ട്രെയിനുകൾക്കായി കാക്കുന്ന യാത്രക്കാർ വലിയ പ്രതിസന്ധിയിൽ ആകുന്നുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിൻ വൈകിയ ദിവസങ്ങളിൽ കണക്ഷൻ ട്രെയിനുകൾ ലഭിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
