Perinthalmanna Radio
Date: 07-03-2023
മലപ്പുറം: വഴിക്കടവിൽ സ്ഥിരീകരിച്ച കോളറ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. 24 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എടക്കരയിൽ വയറിളക്കം ബാധിച്ച ഒരു സ്ത്രീയും ചികിത്സയിലാണ്. ഇതോടെ രോഗം സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വഴിക്കടവിൽ ജലനിധി പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. രോഗത്തിന് കാരണമായി സംശയിക്കുന്ന കാരക്കോടൻ പുഴയിൽനിന്ന് വെള്ളം ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. പല സ്ഥാപനങ്ങളിലും ക്വാർട്ടേഴ്‌സുകളിലും വെള്ളം നേരിട്ട് ഉപയോഗിക്കുന്നുണ്ട്.
വഴിക്കടവിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് വൃക്ക തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങി.
ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് രണ്ടുപേരുടെ വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ടുണ്ട്. രോഗം ബാധിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജ്, നിലമ്പൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
മണൽപ്പാടം, കോരംകുന്ന് പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. വഴിക്കടവ്, എടക്കര പഞ്ചായത്തുകളിൽ പ്രതിരോധ നടപടികൾ തുടങ്ങി. പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. ജില്ലാ മലിനീകരണ വിഭാഗം അധികൃതർ തിങ്കളാഴ്ച വഴിക്കടവിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ആരോഗ്യവിഭാഗം ജീവനക്കാർക്ക് ബോധവത്കരണക്ലാസ് നൽകി. വഴിക്കടവ് മെഡിക്കൽ ഓഫീസർ ഡോ. അമിൻ ഫൈസൽ, എച്ച്.ഐ. ഇൻചാർജ് ജിജി, ജെ.എച്ച്.ഐ.മാരായ അനിൽ കുമാർ, മനൂപ്, സിനിമോൾ, ജസ്റ്റിൻ ബ്രൂസ് എന്നിവർ നേതൃത്വം നൽകി. എടക്കരയിൽ മെഡിക്കൽ ഓഫീസർ ഡോ. ദീപ, എച്ച്.ഐ. ജോജു വർഗീസ്, ജെ.എച്ച്.ഐ. നീതു, നിഷ, പകരത്ത് ഹസീന, ഷെറീന എന്നിവർ നേതൃത്വം നൽകി.
ചൊവ്വാഴ്ച പൊതുജനാരോഗ്യവിഭാഗം സംസ്ഥാന ഡയറക്ടർ ഡോ. സക്കീനയുടെ നേതൃത്വത്തിൽ വഴിക്കടവ് സന്ദർശിക്കും. കാരക്കോടൻ പുഴയിലെ വെള്ളം പരിശോധിക്കാനായി കുന്നമംഗലത്തുള്ള ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലം താമസിക്കാതെ ലഭിക്കുമെന്നും ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ