Perinthalmanna Radio
Date: 07-03-2023
പെരിന്തൽമണ്ണ: ജല അതോറിറ്റിയും പൊതു മരാമത്ത് വകുപ്പുമായി ഏകോപനമില്ലാത്തത് പെരിന്തൽമണ്ണ മണ്ഡലത്തിലെ പ്രധാന നാല് റോഡ് പ്രവൃത്തി മുടക്കുന്നതായി നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എ. സബ് മിഷൻ ഉന്നയിച്ചു. വിവിധ കുടിവെള്ള പദ്ധതികളുടെ പൈപ്പിടലിനായി റോഡിൽ കുഴിയെടുക്കുന്ന ജല അതോറിറ്റി റോഡ് പുനഃസ്ഥാപിക്കുന്നില്ല. ആനമങ്ങാട്-മണലായ-മുതുകുർശ്ശി റോഡ്, വട്ടപ്പറമ്പ്-പാറക്കണ്ണി വില്ലേജോഫീസ് റോഡ്, ആനമങ്ങാട്-പെരിന്തൽമണ്ണ റോഡ്, മേലാറ്റൂർ- പുലാമന്തോൾ(പട്ടാമ്പി റോഡ്) എന്നിവയുടെ പ്രവൃത്തികൾ ഇക്കാരണത്താൽ തടസ്സപ്പെടുകയോ മന്ദഗതിയിലാവുകയോ ചെയ്തിരിക്കുകയാണ്.
വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ ചില ഉദ്യോഗസ്ഥരുടെ നിലപാട് നീതീകരിക്കാനാവില്ലെന്നും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കം പോലെയാണ് ചില ഉദ്യോഗസ്ഥരുടെ നിലപാടെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലത്തിലേയും പൊതുമരാമത്ത് പണിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നിയോഗിച്ച നോഡൽ ഓഫീസർമാർക്ക് വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഇത്തരം വിഷയങ്ങളിൽക്കൂടി ഇടപെടാൻ കഴിയുന്ന വിധം ഈ നോഡൽ ഓഫീസർമാർക്ക് അധികാരം നൽകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
ആനമങ്ങാട്- മണലായ- മുതുകുർശ്ശി റോഡിൽ പുനഃസ്ഥാപന പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും കരാറും നൽകിയിട്ടുണ്ടെന്നും പണി ഉടൻ തുടങ്ങാനാവുമെന്നും പൊതുമരാമത്ത് മന്ത്രിയുടെ അഭാവത്തിൽ മന്ത്രിക്കു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകി.
ആനമങ്ങാട്- പെരിന്തൽമണ്ണ റോഡ് പണിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും സാങ്കേതികാനുമതി ഉടൻ നൽകി പ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. വട്ടപ്പറമ്പ്-പാറക്കണ്ണി-വില്ലേജോഫീസ് റോഡിനും അനുമതികളും കരാറും നൽകിയിട്ടുണ്ടെന്നും ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ജലവിഭവവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ ജല അതോറിറ്റി പണം കൊടുത്തിട്ടില്ലെന്നും നൽകിയാൽ ഉടൻ പണി തുടങ്ങുമെന്നും മന്ത്രി മറുപടി നൽകി.
മേലാറ്റൂർ-പുലാമന്തോൾ റോഡ് നവീകരണം ഏറ്റെടുത്ത കെ.എസ്.ടി.പി. യോട് ജല അതോറിറ്റിയുമായി കൂടിയാലോചിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ജല അതോറിറ്റിയും പൊതു മരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ