കരിപ്പൂർ വിമാനത്താവള വികസനം; സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Share to

Perinthalmanna Radio
Date: 10-03-2023

കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ്സ് (സി.എം.ഡി) നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി കളക്ടർക്ക് (എൽ.എ) സമർപ്പിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ടും നൽകും. ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് എത്ര വീടുകൾ, കെട്ടിടങ്ങൾ, ഭൂഉടമകൾ, മരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നത് അടക്കം വിശദവിവരങ്ങൾ അടങ്ങിയ സി.എം.ഡിയുടെ റിപ്പോർട്ട് പഠിക്കാൻ ജില്ലാ കളക്ടർ ഏഴംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. രണ്ട് സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് പ്രതിനിധികൾ (ഇതിൽ ഒരാൾ വനിത), പുനരധിവാസവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വിദഗ്ദ്ധർ, എയർപോർട്ട് അതോറിറ്റിയുടെ ഒരു പ്രതിനിധി എന്നിവരാവും സമിതിയിൽ ഉൾപ്പെടുക. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം പഠന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കണം. ഈ റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും. ഇതുപ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും.

നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിൽ മുടങ്ങിയ പഠനം ഫെബ്രുവരി 11നാണ് പുനഃരാരംഭിച്ചത്. ജനുവരി 16ന് കരിപ്പൂരിലെത്തിയ സി.എം.‌ഡി അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് കളക്ടറേറ്റിൽ മന്ത്രി വി.അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ വിളിച്ചുചേർ‌ത്ത ഭൂവുടമകളുടെയും സമരസമിതിയുടെയും യോഗത്തിൽ പഠനം പുനഃരാരംഭിക്കാൻ തീരുമാനിച്ചു. നാലാഴ്ചക്കകം സാമൂഹികാഘാത പഠന അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചത്.

പള്ളിക്കൽ വില്ലേജിൽ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കർ ഭൂമിയും അടക്കം 14.5 ഏക്കറാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *