
Perinthalmanna Radio
Date: 15-03-2023
പെരിന്തൽമണ്ണ: കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ അൻപതാം വർഷത്തിൽ പട്ടിക്കാട് ഗവ. സ്കൂൾ മൈതാനത്ത് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ 9,79,939 രൂപയോളം ബാധ്യത. ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന്റെ പിറ്റേന്നാണ് ടൂർണമെന്റ് തുടങ്ങിയത്. കാണികളുടെ കുറവാണ് വൻ ബാധ്യത ഉണ്ടാക്കിയതെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞവർഷം പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്തിയ ടൂർണമെന്റിൽ കൗണ്ടർ ടിക്കറ്റ് ഇനത്തിൽ 34.41 ലക്ഷം രൂപ ലഭിച്ചപ്പോൾ ഇത്തവണ 19.33 ലക്ഷമായി കുറഞ്ഞു. ചെലവുകൾ വർധിക്കുകയും ചെയ്തു. അഞ്ച് ടീമുകളെയും അധികമായി ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. 13,000 രൂപ മാത്രം ടിക്കറ്റ് കളക്‌ഷൻ ലഭിച്ച ദിവസങ്ങളുമുണ്ടെന്നും ഫൈനൽ ദിവസം അഞ്ചരലക്ഷം രൂപയോളം ലഭിച്ചെന്നും സംഘാടകർ പറയുന്നു. ടീമുകൾക്ക് ആദ്യറൗണ്ടുകളിൽ 22,000 രൂപവരെ ബത്ത നൽകുന്നുണ്ട്. ഒരുദിവസത്തെ ചെലവ് ഒന്നേകാൽ ലക്ഷം രൂപയോളം വരുമെന്നും ഇവർ പറഞ്ഞു.
അതേസമയം ടൂർണമെന്റ് നഷ്ടത്തിലായെങ്കിലും ക്ലബ്ബ് പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് സംഘാടകർ പറഞ്ഞു. പട്ടിക്കാട് സ്കൂളിനും പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിനും ഒന്നരലക്ഷം രൂപവീതം നൽകി.
സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് കിടപ്പു രോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും പെരിന്തൽമണ്ണ നഗരസഭയ്ക്കകത്തെ 35 വൃക്കരോഗികൾക്ക് മാസംതോറും ആയിരം രൂപ വീതം സഹായധനം നൽകുന്ന പദ്ധതിയും മുടക്കമില്ലാതെ നടത്തുന്നുണ്ട്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മേയ് മാസത്തിൽ ഫുട്‌ബോൾ പരിശീലന ക്യാമ്പ് നടത്തും.
ഒക്ടോബറിൽ യു.എ.ഇ. യിൽ നടത്തിയ കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ വരുമാനം ഉപയോഗപ്പെടുത്തി സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് വാങ്ങുന്ന ആംബുലൻസ് വൈകാതെ തയ്യാറാകും. പെരിന്തൽമണ്ണയ്‌ക്കൊരു മൈതാനത്തിനായി ക്ലബ്ബ് മുൻകൈയെടുത്ത് ജനപ്രതിനിധികളുടെയും പാർട്ടികളുടെയും ക്ലബ്ബ് ഭാരവാഹികളുടെയും യോഗം വിളിച്ച് ഉപസമിതിയ്ക്ക് രൂപം നൽകിയെങ്കിലും പ്രവർത്തനം വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിൽ കാദറലി ക്ലബ്ബിന് സ്വന്തമായി സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താൻ ക്ലബ്ബംഗങ്ങളടങ്ങുന്ന ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അടുത്ത ടൂർണമെന്റ് പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്താനും സാധിക്കുമെങ്കിൽ സൗദി അറേബ്യയിലോ യു.എ.ഇ.യിലോ ടൂർണമെന്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, വൈസ് പ്രസിഡന്റുമാരായ എം.കെ. കുഞ്ഞയമു, യൂസഫ് രാമപുരം, സെക്രട്ടറിമാരായ എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
