ക്രൂഡ് വില 72 ഡോളറായി കുറഞ്ഞു; പെട്രോള്‍ ഡീസല്‍ വില കുറയുമോ ?

Share to

Perinthalmanna Radio
Date: 17-03-2023

സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിലെ പ്രതിസന്ധി റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 1.33 ഡോളർ കുറഞ്ഞ് 72.32 ഡോളറിലേക്കു ചുരുങ്ങി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യു.ടി.ഐ. ക്രൂഡ്) വില വീപ്പയ്ക്ക് 1.38 ഡോളർ കുറഞ്ഞ് 66.23 ഡോളറിലേക്കെത്തി. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോള ബാങ്കിങ് രംഗത്തെ സമ്മർദം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും അങ്ങനെയെങ്കിൽ ഉപഭോഗം കുറയുമെന്നുമുള്ള ആശങ്കയാണ് എണ്ണ വിപണിയെ ബാധിച്ചിട്ടുള്ളത്. എണ്ണ വില ബാരലിന് 73 ഡോളർ വരെയായി താഴ്ന്നിട്ടും പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.

ആഗോള എണ്ണവില ഇടിഞ്ഞതുകൊണ്ട് പ്രാദേശിക ഇന്ധനവിലയിൽ നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. നിലവിലെ വിലയിടിവിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അസംസ്കൃത എണ്ണവില ഇതേ നിലയിൽ തുടർന്നാലും ചില്ലറ വിൽപ്പന വിലയിൽ ആനുപാതികമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുൻകാലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കേരളത്തിൽ അടുത്ത മാസം മുതൽ ഇന്ധനവില വർധിക്കും. സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക.

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ വർഷം മാർച്ചിൽ ബാരലിന് 139 ഡോളർ എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും നഷ്ടം നികത്താനെന്ന പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. വിപണിയിൽ അസ്ഥിരത തുടരുകയാണെന്നും വില കുറയ്ക്കുന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നുമായിരുന്നു കമ്പനികളുടെ വാദം. ഇതിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ 2022 മേയിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചു. ഇത് ഇന്ധന വിലയിൽ ജനത്തിന് പകുതി ആശ്വാസമായി. കഴിഞ്ഞ ഒൻപത് മാസത്തോളമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *