Wednesday, December 25

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസിന് വീണ്ടും നിറം മാറ്റം

Share to

Perinthalmanna Radio
Date: 19-03-2023

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസിന് വീണ്ടും നിറം മാറ്റം. ശനിയാഴ്ച നടന്ന പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യക്കടലാസ് രണ്ടു നിറങ്ങളിലായിരുന്നു. എല്ലാ ജില്ലകളിലും ഈ നിറംമാറ്റം പ്രകടമായില്ല. ഒരുപരീക്ഷയ്ക്ക് രണ്ടു നിറത്തിൽ ചോദ്യക്കടലാസ് വിതരണം ചെയ്യപ്പെട്ടത് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി.

എന്തുസംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിനും പിടിയില്ല. സംഭവം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

വെള്ളയിൽ കറുപ്പും മഞ്ഞയിൽ കറുപ്പും നിറങ്ങളിലായിരുന്നു ചോദ്യക്കടലാസുകൾ. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ വ്യാപകമായി ഇത്‌ സംഭവിച്ചു. ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിറം മാറ്റമുണ്ടായില്ല.

പലതരം ചോദ്യക്കടലാസുകൾ വിതരണം ചെയ്യപ്പെട്ടത് പരീക്ഷാനടത്തിപ്പിലെ പിടിപ്പുകേടാണെന്ന് അധ്യാപകർ വിമർശിച്ചു. രണ്ടുനിറത്തിലുള്ള ചോദ്യക്കടലാസുകൾ കിട്ടിയപ്പോൾ പരസ്പരം മാറിയോ എന്നായിരുന്നു ആദ്യസംശയം. ഒത്തു നോക്കിയപ്പോൾ കോഡും ചോദ്യങ്ങളുമൊക്കെ സമാനമായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള അധ്യാപകർ പ്രശ്നം അധികൃതരെ അറിയിക്കുകയും ചെയ്തു. പക്ഷേ, തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.

നേരത്തേ പ്ലസ് വൺ വിദ്യാർഥികൾക്ക് പിങ്ക് കലർന്ന ചുവപ്പുനിറമുള്ള ചോദ്യക്കടലാസ് വിതരണം ചെയ്തത് വിവാദമായിരുന്നു. പ്ലസ് ടുവിന് കറുപ്പും വെളുപ്പും നിറമുള്ള സാധാരണ ചോദ്യക്കടലാസായിരുന്നു. രണ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പരസ്പരം മാറാതിരിക്കാനാണ് വെവ്വേറെ നിറങ്ങളിൽ അച്ചടിച്ചതെന്നായിരുന്നു അന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ വിശദീകരണം.

പരീക്ഷാ നടത്തിപ്പിലെ പിഴവു വ്യക്തമാണെന്നും മന്ത്രിയുടെയും വിദ്യാഭ്യാസവകുപ്പിന്റെയും മുൻപ്രസ്താവനകൾ മുഖവിലയ്ക്കെടുക്കാനാവില്ലെന്നും കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പാണക്കാട് അബ്ദുൾജലീൽ കുറ്റപ്പെടുത്തി. ഹയർസെക്കൻഡറി പരീക്ഷ അട്ടിമറിക്കാനാണ് ശ്രമമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *