
Perinthalmanna Radio
Date: 21-03-2023
പെരിന്തൽമണ്ണ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2.94 കോടി രൂപയുടെ പ്രവർത്തനങ്ങളും എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് 1.26 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. 4.20 കോടി രൂപയുടെ വികസനം. മാതൃശിശു ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിനുള്ള 1.40 കോടി രൂപയുടെ പ്രവൃത്തി നടക്കുകയാണ്. ഈ സംവിധാനം ഇല്ലാത്തത് മൂലം കെട്ടിടത്തിന്റെ മുകൾ നില ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഫയർ ആൻഡ് സേഫ്റ്റി സംവിധാനം സജ്ജമാകുന്നതോടെ ഈ നില ഉപയോഗ പെടുത്താനും മുകളിലേക്ക് പുതിയ കെട്ടിട സൗകര്യം ഒരുക്കാനും സാധിക്കും. ആശുപത്രിയിലെ ശുചിമുറികൾ മിക്കവാറും തകരാറിലായി കിടക്കുകയാണ്. 44 ലക്ഷം രൂപ ചെലവിൽ മുഴുവൻ ശുചി മുറികളുടെയും പുനരുദ്ധാരണ പ്രവൃത്തികളും നടക്കുന്നുണ്ട്.
മാതൃശിശു ബ്ലോക്കിലും പഴയ ബ്ലോക്കിൽ ബ്ലഡ് ബാങ്കിനു സമീപവും ഓരോ ലിഫ്റ്റുകളുടെ നിർമാണം നടക്കുന്നുണ്ട്. 60 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ബ്ലഡ് ബാങ്കിനു മുകൾ വശത്തെ ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും ആശുപത്രി പെയിന്റിങ്ങിനുമായി 40 ലക്ഷം രൂപയും അനുവദിച്ചു. ആശുപത്രിയുടെ മുറ്റവും റോഡും തകർന്ന നിലയിലായിരുന്നു. ഇതുമൂലം രോഗികളെ എത്തിക്കാനും പ്രയാസപ്പെട്ടിരുന്നു. മുറ്റവും റോഡും കട്ട പതിക്കുന്ന പണിയും നടക്കുന്നുണ്ട്.
15 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. മാതൃ ശിശു ബ്ലോക്കിൽ ശുദ്ധ ജലക്ഷാമം രൂക്ഷമാണ്. ജലലഭ്യത ഉറപ്പാക്കുന്നതിനായി 5 ലക്ഷം രൂപയുടെ പദ്ധതികളും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്.
എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് 1.26 കോടി രൂപ ചെലവിൽ പഴയ ബ്ലോക്കിൽ ആധുനിക ഒപി ഡയഗണോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം നടന്നു വരുന്നു. ഉപയോഗ ശൂന്യമായ ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം. 2 നിലകളിലായി വിവിധ ഒപി വിഭാഗങ്ങൾ, ടെലി മെഡിസിൻ, ലബോറട്ടറി, നഴ്സസ് ഡ്യൂട്ടി റൂം, രോഗികളുടെ കാത്തിരിപ്പു സ്ഥലം, ശുചി മുറികൾ, മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചി മുറികൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് പുതുതായി നിർമിക്കുന്ന ഒപി ബ്ലോക്ക്. ഭൗതിക സൗകര്യങ്ങൾ ഒരുങ്ങുമ്പോഴും നഴ്സിങ്- പാരാ മെഡിക്കൽ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
