
Perinthalmanna Radio
Date: 25-03-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പൂരത്തിന്റെ പുറപ്പാടിന് ഇനി മൂന്നുദിവസം മാത്രം. മീനമാസത്തിലെ മകീര്യം നക്ഷത്രമായ ചൊവ്വാഴ്ചയാണ് ഭഗവതിയുടെ പൂരം പുറപ്പാട്.
പൂരത്തെ വരവേൽക്കാൻ ക്ഷേത്രനഗരിയായ അങ്ങാടിപ്പുറം ഒരുങ്ങി. ക്ഷേത്രത്തിന്റെ എല്ലാ നടകളിലും കൂറ്റൻ പന്തലുകൾ ഉയർന്നു. വൈദ്യുതവിളക്കുകൾ തെളിഞ്ഞു. പൂരപ്പറമ്പിൽ കച്ചവടക്കാർ നിറഞ്ഞു. ആചാരാനുഷ്ഠാന ചടങ്ങുകളുടെ പൂർണതയാണ് തിരുമാന്ധാംകുന്ന് പൂരത്തിന്റെ സവിശേഷത. മൂന്നാം പൂരത്തിനാണ് പൂരം ആചാരപൂർവം കൊടിയേറുന്നത്. വ്യാഴാഴ്ചയാണ് കൊടിയേറ്റം.
ഭഗവതിക്കും മഹാദേവനും ഒരുമിച്ച് ആറാട്ട് നടക്കുന്നുവെന്നത് തിരുമാന്ധംകുന്ന് പൂരത്തിന്റെ അപൂർവത. എട്ടാം പൂരത്തിനാണ് ഭഗവതിക്കും ഭഗവാനും ഒരുമിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. പത്താം പൂരത്തിന് പള്ളിവേട്ട എഴുന്നള്ളിപ്പും പതിനൊന്നാം പൂരത്തിന് കാഴ്ചശീവേലിയും പ്രത്യേക പുരച്ചടങ്ങുകളാണ്. പതിനൊന്നാം പൂരത്തിന് നടത്തിവരാറുള്ള അനുബന്ധപൂരം എഴുന്നള്ളിപ്പ് ഇത്തവണ ഏറെ വിപുലമായാണ് ആഘോഷിക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അനുബന്ധ പൂരങ്ങൾ എഴുന്നള്ളിപ്പിൽ ഒത്തുചേരും. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് ഇത്തവണ അനുബന്ധപൂരം എഴുന്നള്ളിപ്പ് പഴയ പ്രൗഢിയോടെ തിരിച്ചുവരുന്നത്.
പൂരത്തിനു മുന്നോടിയായി ദ്രവ്യകലശമാണ് ക്ഷേത്രത്തിൽ ഇപ്പോൾ നടക്കുന്നത്. ദ്രവ്യകലശത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ച സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവുമായിരുന്നു പ്രധാന താന്ത്രിക ചടങ്ങ്. 26-ന് ദ്രവ്യകലശം സമാപിക്കും.
പൂരം വിളംബരം ചെയ്തുകൊണ്ട് പൂരത്തലേന്ന് വിളംബര ഘോഷയാത്രയും അഞ്ചാം പൂരത്തിന് സാംസ്കാരികസമ്മേളനവും ഇത്തവണ നടത്തുന്നുണ്ട്. 26-ന് പള്ളിവേട്ട നടക്കുന്ന വേട്ടേക്കരൻകാവിൽ ത്രികാലപൂജ, നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. 27-ന് ശുദ്ധികലശക്രിയകളുമുണ്ട്. പൂരത്തലേന്ന് തിങ്കളാഴ്ചയാണ് രോഹിണി കളംപാട്ട്. രാവിലെ ശ്രീമൂലസ്ഥാനത്ത്് ലളിതാസഹസ്രനാമ ലക്ഷാർച്ചന. സന്ധ്യക്ക് സംഗീതസംവിധായകൻ ജിതേഷ് നാരായണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള. രാത്രി എട്ടിനാണ് കളംപൂജയും കളംപാട്ടും. വള്ളുവനാട്ടിലെ പൂരമാമാങ്കം ഭംഗിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും അസിസ്റ്റന്റ് മാനേജരും അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
