
Perinthalmanna Radio
Date: 27-03-2023
പെരിന്തൽമണ്ണ: പരിയാപുരം കിഴക്കെമുക്കിൽ അശാസ്ത്രീയമായി നിർമിച്ച ലൈഫ് വീടുകളുടെ കാര്യത്തിൽ അധികൃതരുടെ പ്രഖ്യാപനങ്ങളും അന്വേഷണങ്ങളും എവിടെയും എത്തിയില്ല. അങ്ങാടിപ്പുറം പഞ്ചായത്തിലെ 17-ാം വാർഡിലുൾപ്പെട്ട കിഴക്കെ മുക്ക് കരുവെട്ടി റോഡിലാണ് 14 വീടുകളുള്ളത്. കഴിഞ്ഞ മഴക്കാലത്ത് മലവെള്ളപാച്ചിലും മണ്ണിടിച്ചിലും മൂലം വലിയ തോതിലുള്ള നാശ നഷ്ടങ്ങളുണ്ടായി.
വീടുകൾക്ക് സമീപം പല ഭാഗങ്ങളിലും ഇപ്പോഴും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. മഴക്കാലം എത്തിയാലുള്ള ദുരിതമോർത്ത് ഇവിടെയുള്ള കുടുംബങ്ങളെല്ലാം ആശങ്കയിലും ഭീതിയിലും കഴിയുന്നു. നിർമിച്ചു കൊണ്ടിരിക്കുന്നതും നിർമാണം നടക്കുന്നതുമായ വീടുകളിലെല്ലാം വലിയ തോതിൽ അപാകതയുണ്ട്. മഴക്കാലത്ത് മണ്ണിടിച്ചിലിന്റെയും മഴവെള്ള പാച്ചിലിന്റെയും ഭീഷണിലാണ് ഈ വീടുകളെല്ലാം.
കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നിർമാണം നടന്നതെന്നാണ് ആക്ഷേപം. സുരക്ഷിതമല്ലാത്ത കുന്നിൻ ചെരുവിലാണ് ഇവിടെ ലൈഫ് വീടുകൾ നിർമി ച്ചത്. 8 അടി വീതിയിൽ വീടുകളിലേക്ക് സുരക്ഷാ മതിൽ ഒരുക്കി റോഡ് സൗകര്യം ഒരുക്കി നൽകുമെന്ന് വാഗ്ദാനം നൽകിയാണ് ആളുകൾക്ക് ഇവിടെ സ്ഥലം നൽകിയത്. ആശങ്ക വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അന്ന് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ കാല വർഷത്തിനിടെ മലയിടിച്ചിലും വലിയ തോതിൽ കെടുതിയും ഉണ്ടായതിനെ തുടർന്ന് ഇവിടെയുള്ള വീട്ടുകാരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 3ന് ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗം സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് സബ് കലക്ടർ ഉൾപ്പെടെയുള്ള അധികൃതരും എംഎൽഎ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും സന്ദർശനം നടത്തിയിരുന്നു. എന്നാൽ അതിനു ശേഷവും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല.
മഴക്കാലം എത്തുന്നതിന് മുൻപായി ഇവിടെ ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ അത് ദുരന്തങ്ങൾക്ക് വഴിവയ്ക്കും. ലൈഫ് ഭവന പദ്ധതിയിൽ സ്ഥലം വാങ്ങാൻ 2 ലക്ഷം രൂപയും വീട് നിർമിക്കുന്നതിന് 4 ലക്ഷം രൂപയുമാണ് സർക്കാർ ഇവർക്ക് നൽകിയത്. സ്ഥലം 3 തട്ടുകളാക്കി അടുത്തടുത്താണ് വീടുകൾ. മുകളിലെ വീടുകൾക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ മഴ ശക്തമാവുമ്പോൾ മണ്ണിടിച്ചിലും മല വെള്ളപാച്ചിലും ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
