
Perinthalmanna Radio
Date: 28-03-2023
അങ്ങാടിപ്പുറം: നിലമ്പൂർ – ഷൊർണൂർ പാതയിൽ ഷൊർണുർ ഭാഗത്തേക്ക് ഉച്ചക്ക് ട്രെയിൻ വേണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല. നിലവിൽ രാവിലെ 10.10ന് നിലമ്പൂർ – ഷൊർണുർ ലോക്കൽ എക്സ്പ്രസ് പുറപ്പെട്ടാൽ ഷൊർണൂർ ഭാഗത്തേക്ക് അടുത്ത ട്രെയിനുള്ളത് 3.10ന് നിലമ്പൂർ – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസാണ്. ഇതിന് വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് ഷൊർണൂരിന് മുമ്പ് സ്റ്റോപ്പുള്ളത്, അതിനാൽ മറ്റു സ്ഥലങ്ങളിൽ ഇറങ്ങേണ്ടവർക്ക് പ്രയോജനമില്ല. എന്നാൽ, ഷൊർണൂരിന് അപ്പുറം കോട്ടയം വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
അതുപോലെ ഷൊർണൂരിൽ നിന്ന് 10.20ന് കോട്ടയം – നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെട്ടാൽ അടുത്ത വണ്ടിക്ക് ഉച്ചക്ക് 2.05 വരെ കാത്തിരിക്കണം ഇത് 3.35നാണ് നിലമ്പൂരിൽ എത്തുക. ഈ സമയത്തിന് ഇടക്ക് പുതിയ ട്രെയിൻ വേണമെന്നും ആവശ്യമുണ്ട്, കോട്ടയം – നിലമ്പൂർ വണ്ടിക്ക് അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഫലത്തിൽ നിലമ്പൂർ – ഷൊർണൂർ പാതയിൽ തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി സ്റ്റേഷനുകളിലേക്ക് പകൽ യാത്രക്ക് രാവിലെ 10.10നുള്ള വണ്ടി കഴിഞ്ഞാൽ 4.10നുള്ള നിലമ്പൂർ – ഷൊർണൂർ – പാലക്കാട് എക്സ്പ്രസ് മാത്രമാണ് ആശ്രയം.
നേരത്തെ നിലമ്പൂരിൽ നിന്ന് രാവിലെ 11.10ന് ട്രെയിൻ ഉണ്ടായിരുന്നു. ഈ വണ്ടി ഉച്ചയോടെ ഷൊർണൂരിൽ എത്തുന്നതിനാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറനാട്, വേണാട് എക്സ്പ്രസുകൾ കണക്ഷനായി ലഭിച്ചിരുന്നു. ഈ വണ്ടി പുലർച്ചെ 5.30ലേക്ക് മാറ്റിയതോടെ പകൽ യാത്രക്കാർക്ക് ദുരിതമായി.
ഉച്ചക്ക് ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുറവിളി കൂട്ടുന്നുണ്ടെങ്കിലും റെയിൽവേ മുഖവിലക്ക് എടുത്തിട്ടില്ല. ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വർധിപ്പിച്ച് വണ്ടികളുടെ എണ്ണം കുറച്ച് റെയിൽവേ അമിത ലാഭം എടുക്കാനാണ് പുതിയ ട്രെയിനുകൾ അനുവദിക്കാത്തത് എന്നാണ് യാത്രക്കാർ പറയുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
