Perinthalmanna Radio
Date: 02-04-2023
മലപ്പുറം: സൂപ്പർ കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം ഒരുങ്ങി. തിങ്കളാഴ്ച സൂപ്പർ കപ്പിന്റെ യോഗ്യതാമത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കും. ആറുവരെയാണ് യോഗ്യതാ മത്സരങ്ങൾ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്താനിരുന്ന യോഗ്യതാ മത്സരങ്ങൾ പയ്യനാട്ടേക്ക് മാറ്റുകയായിരുന്നു. ആദ്യ കളിയിൽ രാജസ്ഥാൻ എഫ്.സി.യും നെറോക്ക എഫ്.സി.യും കൊമ്പുകോർക്കും. രാത്രി 8.30-നാണ് കളി.
മഞ്ചേരിയിലെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒൻപതിന് തുടങ്ങും. ആദ്യമത്സരം എട്ടിന് കോഴിക്കോട്ടാണ്. മഞ്ചേരിയിൽ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി. പ്രാഥമിക റൗണ്ട് മൂന്നിലെ ടീമിനെയാണ് നേരിടുക. രണ്ടാം മത്സരത്തിൽ ഒഡിഷ എഫ്.സി. ഈസ്റ്റ് ബംഗാളുമായി പോരാടും. വൈകീട്ട് അഞ്ചിനും 8.30-നുമാണ് മത്സരങ്ങൾ.
*സൂപ്പറാണ് ഈ കപ്പ്*
2018-ലാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ സൂപ്പർ കപ്പ് എന്ന പേരിൽ ഫെഡറേഷൻ കപ്പിനുപകരം പുതിയ ടൂർണമെന്റ് അവതരിപ്പിക്കുന്നത്. പ്രഥമ സീസണായ 2018-ൽ ബെംഗളൂരു എഫ്.സി.യും 2019-ൽ എഫ്.സി. ഗോവയുമാണ് ജേതാക്കൾ. ശേഷം കോവിഡും മറ്റും മൂലം ടൂർണമെന്റ് ഇതുവരെ നടന്നിട്ടില്ല.
16 ടീമുകളെ നാലുവീതമുള്ള നാലു ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിൽനിന്ന് ചാമ്പ്യന്മാരാകുന്ന ടീമുകൾ സെമിയിലേക്ക് കടക്കും. ഒരു സെമി ഫൈനൽ മഞ്ചേരിയിലും ഒരു സെമിയും ഫൈനലും കോഴിക്കോടും നടക്കും.
*എ.എഫ്.സി. പോര് നാലിന്*
എ.എഫ്.സി. ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിനുള്ള കളി ചൊവ്വാഴ്ച പയ്യനാട്ട് നടക്കും. മുംബൈ എഫ്.സി.യും ജംഷദ്പുർ എഫ്.സി.യും ഏറ്റുമുട്ടും. ഇതിലെ വിജയികളായിരിക്കും ഇത്തവണത്ത എ.എഫ്.സി. കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. രാത്രി എട്ടരയ്ക്കാണ് മത്സരം. 250 രൂപയാണ് ടിക്കറ്റിന്.
*ടിക്കറ്റ് ബുക്ക് ചെയ്യാം*
സൂപ്പർ കപ്പിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെയും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേയും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് 250 രൂപയും മഞ്ചേരിയിലെ ഐ ലീഗ് ടീമുകളുടെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് 150 രൂപയുമാണ് ടിക്കറ്റ്നിരക്ക്.
ടിക്കറ്റ് വിതരണത്തിന്റെ നിയന്ത്രണം ഇക്കുറി നേരിട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ്. സെമി, ഫൈനൽ തുടങ്ങിയവയുടെ ടിക്കറ്റ് നിലവിൽ ലഭ്യമല്ല. ഓൺലൈൻ ടിക്കറ്റുകൾക്ക് പുറമേ നിയന്ത്രിത ടിക്കറ്റുകൾ ഗ്രൗണ്ടിലെ പ്രത്യേക കൗണ്ടറിൽനിന്ന് ലഭിക്കും. ബുക്ക് മൈ ഷോ ഓൺലൈൻ വഴിയാണ് ഓൺലൈൻ ടിക്കറ്റ് വിതരണം.
*മെഡിക്കൽ സംഘമെത്തി*
മഞ്ചേരി പയ്യനാട് സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയം ഡി.എം.ഒ. ഡോ. രേണുകയുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം സന്ദർശിച്ചു. സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ കൂട്ടായ മെഡിക്കൽ ടീം സ്റ്റേഡിയത്തിലെ മെഡിക്കൽ സംവിധാനങ്ങളും ആംബുലൻസ് ലഭ്യതയും വിലയിരുത്തി. ടൂർണമെന്റിന്റെ മെഡിക്കൽ റൂമിന്റെ സൗകര്യങ്ങൾ ഉറപ്പുവരുത്തി.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുബിൻ, മെഡിക്കൽ കൺവീനർ ഡോ. രാമകൃഷ്ണൻ, ആർ.എം.ഒ. ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. ജോണി ചെറിയാൻ, ഡി.എഫ്.എ. സെക്രട്ടറി ഡോ. സുധീർകുമാർ, സി. സുരേഷ് എന്നിവർ പങ്കെടുത്തു.
*ഭക്ഷണം ലഭിക്കും*
പയ്യനാട് സ്റ്റേഡിയത്തിൽ പണംകൊടുത്ത് ഭക്ഷണം ലഭിക്കുന്ന സൗകര്യം ഒരുക്കിയതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഹനപാർക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., ജനറൽ കൺവീനർ അബ്ദുൽകരീം, മുഹമ്മദ് സലീം, പി. അഷ്റഫ്, നയീം തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ