
Perinthalmanna Radio
Date: 08-04-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ 11 ദിവസത്തെ പൂര ചടങ്ങുകൾക്ക് വെള്ളിയാഴ്ച സമാപ്തിയായി. തിരുമാന്ധാംകുന്ന് പൂരത്തിന്റെ സമാപന ദിവസം നടന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് അക്ഷരാർഥത്തിൽ അങ്ങാടിപ്പുറത്തെ ജനസാഗരമാക്കി മാറ്റി.
ഉച്ചയ്ക്ക് ഒരു മണിയോടെ അനുബന്ധ പൂരം എഴുന്നള്ളിപ്പിൽ പങ്കാളികളാകാനും കണ്ടാസ്വദിക്കുന്നതിനും അങ്ങാടിപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. റെയിൽവേ ഗേറ്റിനു താഴെ നിന്നു തുടങ്ങി തളി ക്ഷേത്രം വരെ ദേശീയപാത ജനനിബിഡമായി. വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മേൽപ്പാലത്തിനു മുകളിലും പൂരം എഴുന്നള്ളിപ്പിന്റെ ദൃശ്യങ്ങൾ ആസ്വദിക്കാൻ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.
രാവിലെ ഒമ്പതിന് പഞ്ച വാദ്യത്തോടെ നടന്ന കാഴ്ച ശീവേലിക്കും വൈകീട്ട് 3.30ന് കീഴേടം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവ ക്ഷേത്രത്തിൽ നിന്നും ഗജവീരൻമാരുടെ അകമ്പടിയോടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളത്തിനും സാക്ഷികളാവാൻ വിശ്വാസികൾ ഒഴുകിയെത്തി. വൈകീട്ട് അഞ്ചോടെ മുതുവറ ക്ഷേത്രത്തിൽ നിന്ന് തളി ക്ഷേത്രത്തിലേക്കും അവിടെ നിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ച വാദ്യത്തോടെയുള്ള എഴുന്നള്ളത്തായിരുന്നു പതിനൊന്നാം പൂര നാളിലെ പ്രധാന ആകർഷണം. ഡബിൾ തായമ്പകയും പഞ്ചമദ്ദള കേളിയും നടന്നു. വെള്ളിയാഴ്ച രാത്രി പത്തിനാണ് അവസാന ആറിട്ടിന് എഴുന്നള്ളിയത്. ആറാട്ടു കടവിലെ തായമ്പക കഴിഞ്ഞ് രാത്രി 11ന് കൊട്ടിക്കയറി. 21 പ്രദക്ഷിണം നടത്തി 25 കലശമാടി അത്താഴ പൂജയും നടത്തി.
ശനിയാഴ്ച പുലർച്ച തെക്കോട്ടിറക്കത്തോടെയാണ് ചടങ്ങുകൾക്ക് സമാപ്തിയാവുക. പൂര പ്പറമ്പിൽ മലയൻ കുട്ടിയുമായുള്ള കൂടിക്കാഴ്ചയാണ് പൂരച്ചടങ്ങുകളിൽ അവസാനത്തേത്. മടങ്ങി എത്തിയ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ വെടിക്കെട്ടോടെയാണ് സമാപിക്കുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
