സെർവർ തകരാറിനെ തുടർന്ന് ക്ഷേമ പെൻഷൻ മസ്റ്ററിങ്ങും റേഷന്‍ വിതരണവും മുടങ്ങി

Share to

Perinthalmanna Radio
Date: 09-04-2023

സെർവർ തകരാറിനെത്തുടർന്ന് അക്ഷയകേന്ദ്രങ്ങളിൽ ക്ഷേമപെൻഷൻ മസ്റ്ററിങ്ങും റേഷൻകടകളിൽ ഭക്ഷ്യധാന്യ വിതരണവും മുടങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ തകരാർ രാത്രിയായിട്ടും പരിഹരിച്ചില്ല. നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി.) ആധാർ സെർവറിൽ അറ്റകുറ്റപ്പണി നടത്തിയതാണു പ്രശ്നത്തിനു കാരണമായതെന്നാണു വിവരം.

ശനിയാഴ്ച രാവിലെ 10 മുതലായിരുന്നു തകരാർ. ഉച്ചയ്ക്ക് ഒന്നോടെ പ്രവർത്തനക്ഷമമായെങ്കിലും നാലുമണിയോടെ വീണ്ടും തകരാറിലായി. ആധാർ അധിഷ്ഠിതമായ മറ്റുസേവനങ്ങളെയും തകരാർ ബാധിച്ചതായാണു വിവരം. അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിനെത്തിയ ഒട്ടേറെ പെൻഷൻകാർ മണിക്കൂറുകൾ കാത്തുനിന്നശേഷം മടങ്ങി.

റേഷൻ വിതരണം പൂർണമായും സ്തംഭനത്തിലായി. സംസ്ഥാനത്തെ 14,163 റേഷൻകടകളിലായി 1,17,993 പേർക്കു മാത്രമാണ് റേഷൻ നൽകാനായത്. ഒരു റേഷൻകടയിൽ ശരാശരി എട്ടുപേർക്കുവീതം മാത്രമാണു ഭക്ഷ്യധാന്യം നൽകാനായത്.

സെർവർ തകരാറിനെത്തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നതു പതിവാണ്. രണ്ടുദിവസത്തെ അവധിക്കുശേഷം റേഷൻകട തുറന്നതിനാൽ പതിവിലധികം ആളുകൾ ഭക്ഷ്യധാന്യം വാങ്ങാനെത്തിയിരുന്നു. ഇവർ ഏറെനേരം കാത്തുനിന്നശേഷമാണു മടങ്ങിയത്.

റേഷൻ വ്യാപാരി സംഘടനാ നേതാക്കൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് എൻ.ഐ.സി. സെർവർ അറ്റകുറ്റപ്പണി നടത്തുന്നതാണു തകരാറിനു കാരണമെന്ന് അറിഞ്ഞത്.

രണ്ടുദിവസത്തെ അവധിക്കു സെർവർ അറ്റകുറ്റപ്പണി നടത്താതെ പ്രവൃത്തിദിവസം അതുചെയ്തതിനെതിരേ സി.ഐ.ടി.യു. നേതൃത്വത്തിലുള്ള റേഷൻ വ്യാപാരി സംഘടനകൾ സർക്കാരിനെ അതൃപ്തി അറിയിച്ചു. സെർവർ തകരാർ തുടർന്നാൽ റേഷൻകടകൾ അടച്ചിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ക്ഷേമപെൻഷൻ മസ്റ്ററിങ് ഏപ്രിൽ ഒന്നിനാണ് അക്ഷയകേന്ദ്രങ്ങളിലൂടെ തുടങ്ങിയത്. ഒരാഴ്ച പിന്നിടുന്നതിനിടെ ഇതു രണ്ടാംതവണയാണു സെർവർ പണിമുടക്കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *