Perinthalmanna Radio
Date: 09-04-2023
വളാഞ്ചേരി: വന സംരക്ഷണത്തോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്-തൃശൂര്‍ പാതയില്‍ വളാഞ്ചേരി കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി സംരക്ഷണമെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് വനപ്രദേശമല്ലാതിരിന്നിട്ടും വളാഞ്ചേരി കേന്ദ്രമായി ഇത്തരത്തിലൊരു ഓഫീസ് ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെയുളളവർക്ക് പ്രകൃതിയുടെ സംരക്ഷകരാകാനുള്ള അറിവും പ്രചോദനവും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ടേക്ക് എ ബ്രേക്ക് മാതൃകയിൽ വിശ്രമ കേന്ദ്രമായും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഭാവിയിൽ ഇവിടെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പിന് കീഴിലുളള 45 സെന്റ് സ്ഥലത്താണ് 67 ലക്ഷം ചെലവഴിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും ഇക്കോഷോപ്പും നിർമ്മിച്ചിട്ടുളളത്. ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സൗകര്യവും കേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പരിധിയിലാണ് മലപ്പുറം റവന്യൂ ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളും വരുന്നത്. ജില്ലയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി ഭാഗങ്ങളും തീരപ്രദേശങ്ങളും ഡിവിഷന്‍ ആസ്ഥാനമായ കളക്ട്രേറ്റില്‍ നിന്നും അകലെയാണെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് പുതിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് കഞ്ഞിപ്പുരയില്‍ ആരംഭിക്കുന്നത്.
കഞ്ഞിപ്പുരയിൽ നടന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. വളാഞ്ചേരി നഗരസഭ അധ്യക്ഷന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മുജീബ് വാലാസി, ഫൈസൽ തങ്ങൾ, എസ്. സാജിത, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഇ. പ്രദീപ്കുമാര്‍, കെ.എസ് ദീപ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. മുഹമ്മദ് ഷബാബ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. അശ്വിന്‍കുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ