
Perinthalmanna Radio
Date: 10-04-2023
ഹയർ സെക്കൻഡറിയിൽ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിക്കാവൂവെന്ന വ്യവസ്ഥ കർശനമാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.
പഠനത്തിൽ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധനൽകാൻ ഈയൊരു ഏകീകൃത വ്യവസ്ഥ വേണമെന്നാണ് പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ.
ആനുപാതികമായി അധികബാച്ചുകൾ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടും.
ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാർശ നൽകാനും രൂപവത്കരിച്ച സമിതിയുടെ മേഖലാതല പരിശോധന പൂർത്തിയായി. വൈകാതെ സർക്കാരിനു റിപ്പോർട്ടു നൽകും.
വയനാട്, ഇടുക്കി ജില്ലകളിലും വിദ്യാർഥികൾ കുറവുള്ള ബാച്ചുകളുണ്ടെന്നാണ് കണ്ടെത്തൽ. ആദിവാസി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ കുട്ടികൾ കുറവാണെങ്കിലും ഈ ബാച്ചുകൾ നിലനിർത്താനാവും ശുപാർശ. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ, മുൻകാലങ്ങളിൽ ബാച്ചുകളനുവദിച്ചത് പ്ലസ്ടു പ്രവേശനത്തിൽ വടക്കൻജില്ലകളിലും തെക്കൻജില്ലകളിലും വ്യത്യസ്തമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മേഖലാതല സിറ്റിങ്ങുകൾക്കു മുമ്പായി നാനൂറിലേറെ നിവേദനങ്ങൾ സമിതിക്കു ലഭിച്ചു.
നിലവിലെ ബാച്ചുകളിൽ അസന്തുലിതാവസ്ഥ ഉണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. സ്ഥിരം അധ്യാപകതസ്തികകൾ സൃഷ്ടിച്ചതിലും അപാകങ്ങളുണ്ട്. മലപ്പുറത്ത് പത്താം ക്ലാസ് ജയിക്കുന്നവരുടെ എണ്ണമനുസരിച്ചുള്ള ഹയർ സെക്കൻഡറി ബാച്ചില്ല. പലയിടത്തും ഒരു ക്ലാസിൽ 60-65 വിദ്യാർഥികളെ വീതം പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
സർക്കാർ 25 ശതമാനംവരെ അധിക ബാച്ചുകൾ അനുവദിച്ചിട്ടും മലപ്പുറത്തെ പ്രശ്നം പരിഹരിക്കാനായിട്ടില്ല. ഇന്നത്തെ നിലയിൽ 200 ബാച്ചുകളെങ്കിലും അധികമായി അനുവദിക്കേണ്ടിവരും.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പല സ്കൂളുകളിലും 15-16 വിദ്യാർഥികളേ ഒരു ബാച്ചിലുള്ളൂ. ഇത്തരത്തിലുള്ള 50-60 ബാച്ചുകളുണ്ട്. ഈ ബാച്ചുകൾ മലപ്പുറം പോലെയുള്ള ജില്ലകളിലേക്ക് പുനർവിന്യസിക്കണം.വിദ്യാർഥികളുടെ പഠനാവശ്യം നിറവേറ്റുന്നതിനു പുറമേ, അധ്യാപകരുടെ തസ്തിക സംരക്ഷിക്കാനും ഇതു സഹായിക്കുമെന്ന് സമിതി പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
