ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

Share to

Perinthalmanna Radio
Date: 11-04-2023

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. വേഗം സംബന്ധിച്ച് ഉത്തരവിറക്കുന്നതിനു ഗതാഗത സെക്രട്ടറി ബിജു പ്രഭാകറെ മന്ത്രി ചുമതലപ്പെടുത്തി.

പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകുമെന്നു യോഗം വിലയിരുത്തി. ദേശീയ പാതയും സംസ്ഥാന പാതയും ഉൾപ്പെടെ പ്രധാന റോഡുകളിൽ വേഗം സംബന്ധിച്ച ബോർഡുകൾ മാറ്റുന്നതിനും ക്രമേണ പോസ്റ്റുകളിൽ തൂക്കിയിടാൻ കഴിയുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഇൗ ബോർഡുകളിൽ തെളിയുന്നതാണ് സംവിധാനം. നിലവിൽ ഓരോ ഭാഗത്തുമുള്ള അടയാളബോർഡുകൾ നശിപ്പിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്താൽ പിന്നീട് ഇവ മാറ്റി സ്ഥാപിക്കാൻ കാലതാമസമെടുക്കുന്നു.

ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തു വാഹനം എത്തുന്ന വേഗം കണക്കാക്കി അമിത വേഗത്തിന് പിഴയീടാക്കുന്ന സംവിധാനം എഐ ക്യാമറയിൽ ഉണ്ട്. അതിനാൽ അമിത വേഗം നിയന്ത്രിക്കാൻ കഴിയുമെന്നു യോഗം വിലയിരുത്തി.

കേരളത്തിൽ റോഡപകടങ്ങളിൽ പെടുന്നവയിൽ 58% ഇരുചക്ര വാഹനമാണെന്നതിനാൽ, നിർമിക്കുന്ന ആറുവരി ദേശീയ പാതയിൽ ഒരു വരി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി മാറ്റുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശ. നിലവിലുള്ള ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾ കൂടുതലും സമാന്തരമായ സർവീസ് റോഡ് വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ശുപാർശകളും വകുപ്പ് മുന്നോട്ടു വയ്ക്കുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *