
Perinthalmanna Radio
Date: 14-04-2023
കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവിൽ പെർമിറ്റുള്ള ബസുകൾക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സർവീസ് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ബസ് സർവീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും.
140 കിലോമീറ്റർ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ സ്വകാര്യ ബസുകളിൽ പലതും ദൂരം കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധ നടപടികൾ തുടർന്നതിനാൽ ബസുകളുടെ പെർമിറ്റ് പുതുക്കിയിരുന്നില്ല. ഇത്തരം ബസുകളുടെ വിവരങ്ങളും സമയവിവരപ്പട്ടികയും കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർമാർ ആർ.ടി.ഓഫീസുകളിൽനിന്ന് ശേഖരിച്ചിരുന്നു. ഈ റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയത്.
470 സ്വകാര്യ ബസുകൾക്ക് പെർമിറ്റുണ്ടായിരുന്ന റൂട്ടുകളിൽ 241 എണ്ണം വർഷങ്ങൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചിരുന്നു. പിന്നീട് ഓർഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. കോർപ്പറേഷനും സ്വകാര്യബസ് ഉടമകളും തമ്മിൽ ഇതുസംബന്ധിച്ച് നിയമപോരാട്ടങ്ങളും നടന്നിരുന്നു
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
