
Perinthalmanna Radio
Date: 15-04-2023
പെരിന്തൽമണ്ണ: നഗരസഭയുടെ ഇൻഡോർ മാർക്കറ്റ് നിർമാണം തുടങ്ങും മുമ്പ് കട മുറികൾക്ക് വൻ തുക നൽകി ലേലം പിടിച്ചവർക്ക് ഉറപ്പു നൽകിയ കെട്ടിട സൗകര്യമോ മുടക്കിയ പണമോ ലഭിക്കാത്തതിനാൽ പരാതിയുമായി താലൂക്കുതല പരാതി പരിഹാര അദാലത്തിൽ. മേയ് 18ന് നടക്കുന്ന പെരിന്തൽമണ്ണ താലൂക്കുതല അദാലത്തിൽ രണ്ടു മന്ത്രിമാർ പങ്കെടുക്കും. ഇതിനകം താലൂക്ക് ആസ്ഥാനത്ത് ഒരേ വിഷയത്തിൽ പരാതികൾ ലഭിച്ചത് ഇക്കാര്യത്തിലാണ്. പണം മുടക്കിയ ഏഴു പേരാണ് നഗരസഭ ഉറപ്പു നൽകിയ മുറി ലഭിച്ചില്ലെന്നും സർക്കാർ പദ്ധതിയെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചതെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയത്. 38.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിനായി മുൻകൂർ പണം വാങ്ങിയും നഗരസഭ ഭൂമി ഈടുവെച്ച് വായ്പ എടുത്തും കെട്ടിടം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ, വൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ നഗരസഭക്ക് കെട്ടിടം പൂർത്തിയാക്കാൻ ആയിട്ടില്ല.
ഇതേ ഭൂമി ഈട് വെക്കാൻ കൃത്യമായ രേഖ ഇല്ലാത്തതിനാൽ 2017 മുതൽ ഇതിന് പരിഹാരം തേടുകയാണ് നഗരസഭ. ഏറ്റവും ഒടുവിൽ റവന്യൂ മന്ത്രിയുടെ ഇടപെടലിൽ ഭൂമിക്ക് കൈവശ രേഖ തരപ്പെടുത്താനുള്ള ശ്രമത്തിലാണ്. രേഖ തരപ്പെട്ടാൽ കേരള ബാങ്കിൽ നിന്ന് വായ്പ നൽകാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി ഹഡ്കോയിൽ നിന്ന് 20 കോടി വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. 4.75 കോടി ലഭിച്ചു. ഹഡ്കോയെ ഒഴിവാക്കി കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കാനാണ് ശ്രമം. ഒരു വർഷം കൊണ്ട് കെട്ടിടം പൂർത്തിയാക്കി നൽകാം എന്നായിരുന്നു ഉറപ്പ്. മൂന്നു വർഷമായിട്ടും പണി പാതി വഴിയിൽ കിടക്കുകയാണ്. ഒന്നര വർഷം മുമ്പ് സർക്കാറിൽ പരാതി നൽകിയിരുന്നു. നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ലഭിച്ച ഉറപ്പിൽ പ്രതീക്ഷ വെച്ച് കാത്തിരിക്കുകയാണ് ഇവർ. കേരള ബാങ്കിൽ നിന്ന് വായ്പ തരപ്പെടുമെന്നും ലഭിച്ചാൽ പദ്ധതി പൂർത്തിയാക്കും എന്നുമാണ് നഗരസഭ നൽകുന്ന ഉറപ്പ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
