
Perinthalmanna Radio
Date: 27-04-2023
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കിഴക്കേ മുക്ക് കരിവെട്ടിയിൽ ചെങ്കുത്തായ മലമടക്കിൽ വീടുവെച്ച് കുടുംബങ്ങൾക്ക് സുരക്ഷ സംവിധാനം ഒരുക്കാതെ പഞ്ചായത്ത്. കഴിഞ്ഞ കാല വർഷത്തിനിടെ മല വെള്ളപ്പാച്ചിലും മണ്ണിടിച്ചിൽ ഭീഷണിയും ഉയർന്നതോടെ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇവിടത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. അന്നു നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ല. 2019ൽ മുൻ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് ഇവിടെ 14 കുടുംബങ്ങൾക്ക് കുത്തനെയുള്ള ഭാഗത്ത് ലൈഫിന് ഭൂമി അനുവദിച്ചത്. സെന്ററിന് 75,000 രൂപ ചെലവു വന്നു. നിർവഹണ ഉദ്യോഗസ്ഥരിൽ ചിലർ തന്നെ ഇട നിലക്കാരായാണ് ഭൂമി കണ്ടെത്തിയത് എന്നായിരുന്നു പരാതി. കുത്തനെ നിൽക്കുന്ന സ്ഥലത്ത് വീടുകൾക്കും മൺ ഭിത്തികൾക്കും ഇടയിൽ വേണ്ടത്ര സ്ഥലമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതിൽ കുറ്റക്കാരാണെന്നും 2022 ആഗസ്റ്റിൽ നടന്ന പഞ്ചായത്ത് ഭരണ സമിതി വിലിയിരുത്തിയിരുന്നു.
വീടുകൾ പൂർത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മല വെള്ളപ്പാച്ചിൽ വന്നതോടെ മാറ്റി പാർപ്പിച്ചിരുന്നു. തഹസിൽദാർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടാവസ്ഥ ബോധ്യപ്പെട്ടത്. മണ്ണിടിച്ചിലിനും അപകടങ്ങൾക്കും കാരണം ആവുമെന്നതിനാൽ ജിയോളജി, മണ്ണ് പരിശോധന വിഭാഗം എന്നിവരെ കൊണ്ടു വന്ന് സ്ഥലം പരിശോധിക്കുമെന്ന് തഹസിൽദാറും അറിയിച്ചിരുന്നു. ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കാൻ പഞ്ചായത്ത് ഭരണ സമിതി സംയുക്തമായി വിജിലൻസിൽ പരാതി നൽകാനും തീരുമാനിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. 23 അംഗ ഭരണ സമിതിയിൽ വേണ്ടത്ര ചർച്ചകളോ പരിശോധനകളോ നടത്താത്തതിനാലും നിർവഹണ ഉദ്യോഗസ്ഥനെ മാത്രം കാര്യങ്ങൾ ഏൽപ്പിച്ചതിനാലുമാണ് ഈ സ്ഥിതി വന്നത് എന്നായിരുന്നു ഉയർന്ന പരാതി. അതേ സമയം, മണ്ണിടിച്ചിലിനും മഴവെള്ളപ്പാച്ചി ലിനും ഇപ്പോഴും പരിഹാരമായിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
