കാരുണ്യ കാസ്പ് പദ്ധതിക്ക് പണമില്ല;  സൗജന്യ ചികിത്സ മുടങ്ങിയേക്കും

Share to

Perinthalmanna Radio
Date: 29-04-2023

മലപ്പുറം: കാരുണ്യ പദ്ധതിക്ക് സർക്കാർ സഹായം ലഭിക്കാത്തതിനാൽ ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ നൽകി വരുന്ന സൗജന്യ ചികിത്സ മുടങ്ങിയേക്കും.

കാസ്പിലേക്ക് കേന്ദ്ര ആരോഗ്യവകുപ്പിൽ നിന്നു ലഭിച്ച തുക ഹോസ്പിറ്റലുകൾക്കു നൽകാതെ വകമാറ്റി ചെലവഴിച്ചതാണ് ഇതിനു കാരണമായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ആരോപിച്ചു. ചികിത്സ മുടങ്ങുമെന്നു കാണിച്ച് സൂപ്രണ്ടുമാർ ജില്ലാപഞ്ചായത്തിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നു ഹോസ്പിറ്റലുകളിലേക്കായി അഞ്ചു കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്.

കാസ്പിലേക്കു വേണ്ടി വരുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ കേന്ദ്ര വിഹിതം നേരത്തെ തന്നെ അനുവദിച്ചു കഴിഞ്ഞു.

എന്നാൽ സംസ്ഥാന സർക്കാർ നൽകേണ്ട 40 ശതമാനം തുക കൂടി ഉൾപ്പെടെ വകയിരുത്തിയ ശേഷമേ തുക ചെലവഴിക്കാവൂ എന്ന കേന്ദ്രത്തിന്റെ പുതിയ നിർദേശമാണ് കാസ്പിനു വിനയായത്. സംസ്ഥാന വിഹിതം ഇതുവരെ അനുവദിച്ചിട്ടുമില്ല.

സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യചികിത്സ അനുവദിക്കുന്നത് കാസ്പ് ഇൻഷുറൻസ് പദ്ധതിയിലൂടെയാണ്. ഇതിലേക്ക് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് എല്ലാ വർഷവും ആവശ്യമായ തുകയുടെ 60 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്.

ഓരോ ആശുപത്രികളിലും രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ കണക്ക് അനുസരിച്ചാണ് തുക അനുവദിക്കുന്നത്. തിരൂർ ജില്ലാ ആശുപത്രിയിൽ 6398 രോഗികളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 6681 രോഗികളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 2363 രോഗികളുമാണ് കഴിഞ്ഞ വർഷം മാത്രം കാസ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്.

മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത രോഗികൾ ഇതിനു പുറമെയാണ്. ഇവർക്കുള്ള രോഗ ചികിത്സ, ലാബ് റീഏജന്റ്, മരുന്ന്, ഓർത്തോ ഇംപ്ലാന്റ് തുടങ്ങിയ ചെലവുകൾക്കാണ് കാസ്പ് തുക അനുവദിക്കുന്നത്.

സൗജന്യമായി ഡയാലിസിസിെന്റയും അർബുദ രോഗികൾക്കുള്ള മരുന്നിെന്റയുമെല്ലാം പണം ഇതിൽ നിന്നാണ് നൽകുന്നത്. ഇതെല്ലാം പ്രതിസന്ധിയിലാകും.

ജില്ലാ ആശുപത്രികളിലെല്ലാം താലൂക്ക് ആശുപത്രികൾക്കുള്ള ജീവനക്കാരേയുള്ളൂ. ഇതു പരിഹരിക്കുന്നതും കാസ്പ്, ആർ.എസ്.ബി.വൈ. തുടങ്ങിയ ഫണ്ടുകൾ ഉപയോഗിച്ചാണ്. ഈ സൗകര്യവും ഇല്ലാതാവും.

ജില്ലാ പഞ്ചായത്തിനോട് സൂപ്രണ്ടുമാർ കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജില്ലാ പഞ്ചായത്തിന് ഈ വർഷം സർക്കാർ നൽകിയ ഫണ്ടും പരിമിതമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *