
Perinthalmanna Radio
Date: 30-04-2023
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ബൾബുകൾ ഫ്യൂസായതിനുശേഷം മാറ്റിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലൂടെ രാജ്യറാണി അടക്കം രാത്രി മൂന്നു സർവീസുകളുണ്ട്. ഷൊർണൂരിൽനിന്ന് തിരിച്ച് രാജ്യറാണി എക്‌സ്‍പ്രസ് പുലർച്ചെ 4.15-നു അങ്ങാടിപ്പുറത്തെത്തും. രാത്രി 8.45-നു ഷൊർണൂരിലേക്കും തിരിച്ച് നിലമ്പൂരിലേക്കുമായി രണ്ട് എക്‌സ്‍പ്രസ് വണ്ടികളും രാത്രി 10.25-നു രാജ്യറാണി എക്‌സ്‍പ്രസും അങ്ങാടിപ്പുറത്തെത്തുന്നുണ്ട്.
ഇതിനുപുറമേ വൈകീട്ട് 6.30-നു നിലമ്പൂരിലേക്ക് എക്‌സ്‍പ്രസ് വണ്ടിയും ഉണ്ട്. ഒട്ടേറെപ്പേർ അങ്ങാടിപ്പുറത്തുനിന്ന് ഈ വണ്ടികളെ ആശ്രയിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളുടെ വെളിച്ചമാണ് പലപ്പോഴും യാത്രക്കാർക്ക് ആശ്വാസമാകുന്നത്. റോഡിന്റെ ഒരുവശത്ത് പൊന്തക്കാടാണ്.
ഇവിടെ ഇഴജന്തുക്കളെ ധാരാളം കാണാറുള്ളതായി പരിസരവാസികൾ പറയുന്നു. മാത്രമല്ല മേൽപ്പാലത്തിനു താഴെനിന്നുള്ള റോഡായതുകൊണ്ട് സുരക്ഷിതത്വവും കുറവാണ്.
ഇത്തരം പ്രയാസങ്ങൾക്കിടെ റെയിൽവേ സ്റ്റേഷനിലേക്ക് ഇരുട്ടത്ത് എത്തുക ശ്രമകരമാണ്.
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനടുത്തുള്ള എഫ്.സി.ഐ. റോഡ് വഴിയും യാത്രക്കാർ മെയിൻ റോഡിൽ എത്താറുണ്ട്. ഇവിടെയും വേണ്ടത്ര വെളിച്ചമില്ല.
പ്ലാറ്റ്‌ഫോമുകളിൽ പലയിടത്തും ഒരുപോലെ വെളിച്ചമില്ലെന്ന പരാതിയും ഉണ്ട്.
അനുബന്ധ റോഡിലെ വൈദ്യുതിവിളക്കുകൾ പ്രകാശിപ്പിക്കാൻ റെയിൽവേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
