ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ

Share to

Perinthalmanna Radio
Date: 01-05-2023

പെരിന്തൽമണ്ണ: വിവിധ കേസുകളിൽപ്പെട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100ഓളം വാഹനങ്ങൾ. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊണ്ടി വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്. ലക്ഷങ്ങൾ വില മതിക്കുന്ന വാഹനങ്ങളടക്കം മഴയും വെയിലും കൊണ്ട് നശിക്കുന്നുണ്ട്. കാറുകൾ, ജീപ്പ്, ബൈക്ക്,​ ഓട്ടോറിക്ഷ,​ ലോറി അടക്കമുള്ള വാഹനങ്ങൾ മാസങ്ങളോളം പ്രവർത്തിപ്പിക്കാതെ നിറുത്തിയിടുമ്പോൾ തുരുമ്പെടുത്ത് ദ്രവിക്കുന്നുണ്ട്. നിയമനടപടികൾ നീളുന്നതും തൊണ്ടി വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുനൽകുന്നതിലും ലേലം ചെയ്യുന്നതിലും വരുന്ന കാലതാമസമാണ് ഇതിന് കാരണം.

മണൽ, മണ്ണ് മാഫിയകളിൽ നിന്ന് പിടികൂടുന്ന വാഹനങ്ങളിൽ മിക്കതിനും ശരിയായ രേഖകൾ ഉണ്ടാവാറില്ല. കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ഉൾപ്പെട്ട വാഹനങ്ങളുടെ അവസ്ഥയും ഇതു തന്നെ. ഇതിനാൽ തന്നെ ഉടമസ്ഥർ വാഹനം തേടിയെത്തില്ല. അപകട മരണങ്ങൾ സംഭവിച്ച കേസുകളിൽ വാഹനങ്ങൾ ഉടമകൾ കൈയൊഴിയാറാണ് പതിവ്. വലിയ അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ തിരിച്ചുകിട്ടുമ്പോഴേക്കും മാസങ്ങളെടുക്കും. ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ കോടതി നടപടിക്രമങ്ങൾക്ക് ശേഷമേ വിട്ടുകിട്ടൂ. അപ്പോഴേക്കും വാഹനങ്ങൾ തുരുമ്പെടുത്ത് ഉപയോഗശൂന്യമായിട്ടുണ്ടാവും. ഇതോടെ ഉടമ വാഹനം ഉപേക്ഷിക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതും ഒഴിവാക്കപ്പെടുന്നതുമായ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തത് പൊലീസുകാർക്കും ദുരിതമാകുന്നുണ്ട്.

ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളും സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്നതിനാൽ പിടി കൂടുന്ന വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ കൂട്ടിയിടാൻ നിർബന്ധിതമാവുകയാണ്. റോഡിനോട് ചേർന്ന് കൂട്ടിയിടുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. തൊണ്ടിവാഹനങ്ങൾ നിറുത്തിയിടാൻ സ്ഥലം കണ്ടെത്തുന്നത് പൊലീസുകാർക്ക് വലിയ തലവേദനയാണ്. വീടുകൾക്ക് സമീപം നിറുത്തുന്ന വാഹനങ്ങൾ മാസങ്ങളോളം അവിടെ തന്നെ കെട്ടിക്കിടക്കുമെന്നതിനാൽ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. വാഹനങ്ങൾ കാടുകയറി ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും വിഹാര കേന്ദ്രമായി മാറുന്നുണ്ട്. മണൽ വാഹനങ്ങൾ പിടികൂടുന്നത് വർദ്ധിക്കുകയും വലിയ തോതിൽ ഇവ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്തതോടെ അടുത്തിടെ ചില സ്റ്റേഷനുകളിലെ വാഹനങ്ങൾ ലേലം ചെയ്തിരുന്നു. മറ്റിടങ്ങളിലെ ലേല നടപടികൾ നീണ്ടു പോയി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *