
Perinthalmanna Radio
Date: 07-05-2023
മലപ്പുറം: ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള അഭിമുഖത്തിന്റെ തീയതി വൈകുന്നതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിടും. അടുത്ത അധ്യയനവർഷാരംഭത്തോടെ അധ്യാപകനിയമനം നടത്തണമെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം.
എന്നാൽ പി.എസ്.സി.യുടെ മേയ് മാസത്തെ പരീക്ഷാ കലണ്ടറിലും ജില്ല ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ റാങ്ക് പട്ടിക ഇനിയും വൈകുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
വിവിധ വിഷയങ്ങളിലായി ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്- 205. വേറെയും ഒഴിവുകളുണ്ടെന്നാണ് വിവരം.
പരീക്ഷാ കലണ്ടർ പ്രകാരം ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മേയിൽ അഭിമുഖം തുടങ്ങും. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ജൂണിലും. ആദ്യം അഭിമുഖം പൂർത്തിയാക്കുന്ന ജില്ലകളുടെ പട്ടികകൾപോലും ഓഗസ്റ്റ് അവസാനമേ വരൂ.
ജില്ലയിലെ ഹൈസ്കൂൾ അധ്യാപക തസ്തികയിൽ വിവിധ വിഷയങ്ങളിലായി 991 പേരാണ് മുഖ്യപട്ടികയിലിടം നേടിയത്. മലയാളം-150, ഇംഗ്ലീഷ്-151, ഹിന്ദി- 140, നാച്വറൽ സയൻസ്- 152, ഗണിതം-398 എന്നിങ്ങനെ. തസ്തിക നിർണയത്തെത്തുടർന്ന് കൂടുതൽ നിയമനം നടക്കാൻ സാധ്യതയുണ്ട്.
കൂടുതൽ ഗണിതത്തിന്
ജില്ലയിൽ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് ഗണിതത്തിനാണ്. 77 ഒഴിവുകൾ. 398 പേർ മുഖ്യപട്ടികയിലിടം നേടി.
സപ്ലിമെന്ററി ലിസ്റ്റുൾപ്പെടെ 780 പേർ ചുരുക്കപ്പട്ടികയിലുൾപ്പെട്ടു. 2022 മാർച്ച് 25-നായിരുന്നു ഒ.എം.ആർ. പരീക്ഷ. 2022 മാർച്ച് 20 വരെ ഗണിതത്തിന് 91 ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു.
അതിഥി അധ്യാപകരും കുട്ടികളും
അഭിമുഖം നീണ്ടുപോകുന്നതിനാൽ അധ്യയനവർഷത്തിൽ ഭൂരിഭാഗം സർക്കാർ സ്കൂളുകളിലും അതിഥി അധ്യാപക നിയമനം നടത്തേണ്ട സ്ഥിതിയാണ്.
അതിഥി അധ്യാപകർ താത്കാലിക നിയമനമായതിനാൽ മറ്റ് ജോലികളിലേക്ക് എപ്പോൾ വേണമെങ്കിലും മാറാം.
ഇത് ഓരോ കുട്ടികളുടേയും കഴിവ് തിരിച്ചറിഞ്ഞ് അധ്യാപനം നടത്തുന്നതിനുള്ള സാഹചര്യം കുറയ്ക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
