ദൃശ്യവിസ്മയമായി തൂതപ്പൂരം

Share to

Perinthalmanna Radio
Date: 13-05-2023

തൂത: ഇരുവിഭാഗം തട്ടകദേശങ്ങൾ മത്സരസ്വഭാവത്തിൽ ഒരുക്കിയ എഴുന്നള്ളിപ്പുകളിൽ കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും ദൃശ്യവിസ്മയത്തിൽ പൂത്തുവിടർന്ന് തൂതപ്പൂരം. ആഹ്ലാദാവേശത്തിന്റെ ആർപ്പുവിളികളിൽ പൂരപ്പറമ്പും പുഴയോരവും നിറഞ്ഞുകവിഞ്ഞ് പുരുഷാരം.

ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകളിലെ തൂതപ്പാലത്തിനോടു ചേർന്നുള്ള പുഴയോരഗ്രാമങ്ങളിലെ തട്ടകദേശങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന്‌ പാനച്ചടങ്ങുകൾക്കുശേഷം ചെറുപൂരങ്ങൾ വെളിച്ചപ്പാടിന്റെയും വാദ്യഘോഷങ്ങളുടെയുടെയും തിറ, പൂതൻ നാടൻകലാരൂപങ്ങളുടെയും ചവിട്ടുകളിയുടെയും അകമ്പടിയിൽ കൊട്ടിപ്പുറപ്പെട്ടു. തട്ടകദേശങ്ങളിലാകെ വർണം വിതറിയാണ് ചെറുപൂരങ്ങൾ തൂതയിലെത്തിയത്. തലപ്പൊക്കം കാണിച്ച ഗജനിരകൾ പൂരപ്പറമ്പിൽ എ, ബി വിഭാഗം എഴുന്നള്ളിപ്പുകളായി മുഖാമുഖം അണിനിരന്നു. എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിൽ പൊൻതിടമ്പേന്തിയ 15 വീതം ആനകൾ അണിനിരന്നു.

എ വിഭാഗം എഴുന്നള്ളിപ്പിന് തൃക്കടവൂർ ശിവരാജുവും ബി വിഭാഗം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ട് രാമചന്ദ്രനും നായകസ്ഥാനീയരായി. വടക്കോട്ടഭിമുഖമായി ആലിൻചുവട്ടിൽ നിലയുറപ്പിച്ച ദേവസ്വം എഴുന്നള്ളിപ്പിൽ ചെർപ്പുളശ്ശേരി ശേഖരൻ ഭഗവതിയുടെ തിടമ്പേന്തി. പൂരങ്ങൾക്ക് മുന്നിലെത്തിയ തിറ, പൂതൻ സംഘങ്ങൾ തെക്കേപ്പന്തലിൽ കളം നിറഞ്ഞാടിയശേഷം തൊഴുതു പിൻവാങ്ങി. പഞ്ചവാദ്യത്തിന് മായന്നൂർ രാജു, ചെർപ്പുളശ്ശേരി ഹരിഹരൻ, മീറ്റ്‌ന രാമകൃഷ്ണൻ, കേരളശ്ശേരി കുട്ടൻ, തിച്ചൂർ മോഹനൻ തുടങ്ങിയവർ പ്രമാണമേകി.

ആനപ്പുറമേറിയ വെഞ്ചാമരവും ആലവട്ടവും പഞ്ചവാദ്യത്തിന്റെ താളവട്ടങ്ങൾക്കനുസൃതമായി വാനിൽ ഉയർന്നുപൊങ്ങി. തൃശ്ശൂർ പൂരത്തിന്റെ വർണക്കുടകൾ ഇരുവിഭാഗവും മത്സരസ്വഭാവേന ഉയർത്തിത്തുടങ്ങിയതോടെ ആവേശത്തിരയിളക്കത്തിൽ ആർപ്പുവിളികളുയർന്നു. 16 ഇനം കുടകളാണ് ഇരുവിഭാഗവും ഉയർത്തിയത്. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ഇരുനൂറോളം വാദ്യകലാകാരന്മാർ പൂർണതയേകിയ ‘നാഗത്തറ’മേളം തുടങ്ങി.

മേളത്തിനിടയിലും കുടമാറ്റം തുടർന്നു. മേളം കലാശിച്ചതോടെ എഴുന്നള്ളിപ്പുകൾ ക്രമാനുസൃതം കാവേറി. പുലർച്ചെ തോണിക്കടവിൽ ആറാട്ടോടെയയായിരുന്നു തുടക്കം. വിശേഷാൽ പൂജകളുമുണ്ടായി. തന്ത്രി ആമയൂർ നാരായണമംഗലത്ത്‌ മന രാമൻ ഭട്ടതിരിപ്പാട് കാർമികനും പൂജാരി കുളങ്ങര ശ്രീധരൻ നായർ സഹകാർമികനുമായി.

ശനിയാഴ്ച ശ്രീരാമപട്ടാഭിഷേകത്തോടെ തോൽപ്പാവക്കൂത്ത് സമാപിക്കും. 9.30ന്‌ പൂരപ്പറമ്പിൽ ചവിട്ടുകളി തുടങ്ങും. 10-ന് പാക്കനാർവേല വരവും 11-ന് ശ്രീഭൂതബലിയുമുണ്ടാകും. 12-ന് തൂതപ്പുഴയിൽ ആറാട്ടിനുശേഷം പൂരം കൊടിയിറങ്ങും. തുടർന്ന് കഞ്ഞി സദ്യയുമുണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *