
Perinthalmanna Radio
Date: 03-06-2023
പെരിന്തൽമണ്ണ : തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിലായി. കന്യാകുമാരി മാർത്താണ്ഡം മഠത്ത് വിളാകം വീട്ടിൽ ശിവകുമാർ (43), ചിറ്റൂർ നല്ലേപ്പിള്ളി തെക്കേദേശം മാനംകുറ്റി ദിനേശ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി, മൂസക്കുട്ടി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്ന് രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വാഹനത്തിൽ പെരിന്തൽമണ്ണയിലേക്കു വരുകയായിരുന്ന ദിനേശിനെ രഹസ്യ വിവരത്തെത്തുടർന്ന് പൊന്ന്യാകുർശിയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുപ്പൂരിൽനിന്നാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. പെരിന്തൽമണ്ണയിൽ നിന്ന് കാണാതായ വാഹനങ്ങളിലൊന്ന് ആനക്കയം പാലത്തിന് സമീപത്തുനിന്നും മറ്റൊന്ന് കരിങ്കല്ലത്താണി ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച വാഹനങ്ങൾ പിന്നീട് തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആളൊഴിഞ്ഞ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെത്തി മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിൽ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജനമ്പറുകൾ സംഘടിപ്പിച്ചു വിൽക്കുകയായിരുന്നു രീതി.
പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ആറ് മോഷണക്കേസുകൾ നിലവിലുണ്ടെന്നും മൂന്നു മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയതെന്നും പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ പ്രേംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ, സി.പി.ഒ. മാരായ സജീർ മുതുകുർശി, സൽമാൻ പള്ളിയാൽതൊടി, ജയൻ അങ്ങാടിപ്പുറം, നിഖിൽ തുവ്വൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
