
Perinthalmanna Radio
Date: 11-06-2023
കോഴിക്കോട് വിമാന താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടം ഒഴിവാക്കുന്നതിനുള്ള മണ്ണു നിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.
2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജോലിയാണു പൂർത്തിയാക്കിയത്. കൃത്യമായി ആസൂത്രണത്തോടെ, പകൽസമയം റൺവേ അടച്ചിട്ടായിരുന്നു ജോലി. എല്ലാ പകൽ വിമാനങ്ങളും രാത്രിയിലേക്കു മാറ്റിയിരുന്നു.
റീ കാർപറ്റിങ് പൂർത്തിയായതോടെ വിമാന സമയം പുനഃക്രമീകരിക്കേണ്ടതുണ്ട്. വിമാന സമയങ്ങളിൽ മാറ്റം വരുത്തി നോട്ടാം (നോട്ടിസ് ടു എയർമാൻ) പ്രഖ്യാപനം തുടങ്ങി ഏതാനും സാങ്കേതിക നടപടികൾ അവശേഷിക്കുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയുമുണ്ടാകും. നടപടികൾ പൂർത്തിയാക്കി 24 മണിക്കൂർ വിമാന സർവീസ് പുനഃസ്ഥാപിക്കാൻ ഓഗസ്റ്റ് മാസത്തോടെ സാധ്യമാകുമെന്നാണു നിഗമനം. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണ് റീ കാർപറ്റിങ് ജോലികൾ നടത്തിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
