
Perinthalmanna Radio
Date: 12-06-2023
കരിപ്പൂർ: റൺവേ റീകാർപറ്റിങ് ജോലി പൂർത്തിയായെങ്കിലും കോഴിക്കോട് വിമാനത്താവളം 24 മണിക്കൂർ വിമാന സർവീസിനു സജ്ജമാകാൻ ഇനിയും കാത്തിരിക്കണം. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രെയ്നേജ് ജോലി പുരോഗമിക്കുന്നുണ്ട്. ഇലക്ട്രിക്കൽ ജോലികളും പൂർത്തീകരിക്കാനുണ്ട്. റീകാർപറ്റിങ് നടത്തി ബലപ്പെടുത്തിയ റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ജോലി എങ്ങുമെത്തിയിട്ടില്ല. വിമാനം റൺവേയിൽനിന്നു തെന്നിയാൽ അപകടം ഒഴിവാക്കാനാണു വശങ്ങൾ മണ്ണിട്ടു നിരപ്പാക്കുന്നത്.
ഡൽഹി ആസ്ഥാനമായുള്ള എൻഎസ്സി കമ്പനിയാണു റീകാർപറ്റിങ് ജോലി ഏറ്റെടുത്തത്. നിശ്ചിത കരാർ കാലാവധിക്കു മുൻപുതന്നെ ജോലി പൂർത്തീകരിക്കാനായി. അതേസമയം, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്നതിന് ഇനിയും ആയിരക്കണക്കിനു ലോഡ് മണ്ണ് വേണം. മണ്ണ് കിട്ടാനുണ്ടെങ്കിലും ജിയോളജി വകുപ്പിൽനിന്നു രേഖകൾ യഥാസമയം ലഭിക്കാത്തതാണു കാരണമെന്നു ബന്ധപ്പെട്ടവർ പറയുന്നു.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നിലവിൽ റൺവേയിൽ വിമാന സർവീസുകളില്ല. നടപടികൾ പൂർത്തിയാക്കി നിയന്ത്രണം നീക്കും വരെ നിലവിലുള്ള സ്ഥിതി തുടരും. 2 മാസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കാൻ ആകുമെന്നാണു വിലയിരുത്തൽ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
