ഓർമകളിൽ ഇ.എം.എസ്; ഇന്ന് ഇ.എം.എസിന്റെ 114-ാം ജന്മദിനം

Share to

Perinthalmanna Radio
Date: 13-06-2023

ഏലംകുളം : കുന്തിപ്പുഴയോരത്തെ ഏലംകുളം മന ഇന്നും പ്രൗഢിയൊട്ടും കുറവില്ലാതെ നിൽക്കുന്നു. മഴക്കാലത്തിന്റെ തണുപ്പുമായി പുഴയിലെ വെള്ളവും പച്ചപ്പുമായി മനയുടെ പരിസരവും. 1909 ജൂൺ 13-ന് ഈ മനയിൽ ജനിച്ച ഒരാളുടെ പേരിലാണ് ഏലംകുളം ഗ്രാമം ലോകമൊട്ടുക്കും പ്രസിദ്ധമായത്. ലോകത്താദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 114-ാം ജന്മദിനമാണ് ചൊവ്വാഴ്ച.

ഉൾഗ്രാമത്തിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്ന് സാധാരണക്കാരനുവേണ്ടി പോരാടാനുറച്ച് ഇറങ്ങിയ അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ഏലംകുളത്തിന് ആവേശമാണ്. അതൊട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നവിധത്തിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകങ്ങളും. സാധാരണക്കാരന് നിലവാരമുള്ള ചികിത്സയെന്ന ലക്ഷ്യവുമായി തുടങ്ങിയ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രി ഇന്ന് രജതജൂബിലി ആഘോഷത്തിലാണ്. ചികിത്സയിലും രോഗീപരിചരണത്തിലും ഭൗതികസൗകര്യങ്ങളിലും സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള പടവുകൾ കയറിയാണ് ആശുപത്രിയുടെ വളർച്ച. ആറു നിലകളിലായി ആധുനിക സൗകര്യങ്ങളോടെയുള്ള രജതജൂബിലി കെട്ടിടവും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

ഇ.എം.എസ്. ജനിച്ച ഏലംകുളം മനയുടെ തൊട്ടുമുൻപിലായി തലയുയർത്തി നിൽക്കുന്ന ഇ.എം.എസ്. സ്മാരക സമുച്ചയവും അദ്ദേഹത്തിന്റെ സ്മരണ എക്കാലവും നിലനിർത്തുന്നവിധത്തിലാണ്. സമ്മേളനങ്ങൾക്കും പഠനക്യാമ്പുകൾക്കും അടക്കമുള്ള സൗകര്യങ്ങളോടെയുള്ള സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനു സമർപ്പിച്ചത്.

ഇ.എം.എസ്. എന്ന മൂന്നക്ഷരം തിളങ്ങുന്ന നിരവധി വായനശാലകളും ക്ലബ്ബുകളും സന്നദ്ധ സംഘടനകളും കൂട്ടായ്മകളും നാടൊട്ടുക്കുമുണ്ട്. ഭരണകർത്താവായും പാർട്ടി നേതാവായുമൊക്കെയുള്ള തിരക്കേറിയ ജീവിതകാലത്തും ജന്മനാടിനോടുള്ള സ്‌നേഹവും ഇഷ്ടവും ഇ.എം.എസ്. കാത്തുസൂക്ഷിച്ചിരുന്നു. പരിപാടികൾക്കും മറ്റുമായി വരുമ്പോൾ കഴിയുമെങ്കിൽ മനയിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ 1996 ഡിസംബർ നാലിനാണ് അദ്ദേഹം മനയിൽ സന്ദർശനം നടത്തിയത്. ജനകീയാസൂത്രണത്തിന്റെ ഏലംകുളം പഞ്ചായത്തുതല ഉദ്ഘാടനം കുന്നക്കാവ് ഗവ. സ്‌കൂളിൽ അദ്ദേഹമാണ് നിർവഹിച്ചത്. മനയിലെത്തി ഉച്ചയൂണും കഴിച്ചാണ് മടങ്ങിയത്. 1998 മാർച്ച് 19-ന് തിരുവനന്തപുരത്ത് ഇ.എം.എസ്. വിടവാങ്ങി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *