ജില്ലയിലെ ആദ്യ എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണം മങ്കടയിൽ അടുത്ത മാസം ആരംഭിക്കും

Share to

Perinthalmanna Radio
Date: 14-06-2023

മലപ്പുറം: തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രത്തിന്റെ നിർമ്മാണം ജൂലായിൽ ആരംഭിക്കും. മങ്കടയിലെ കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം നിർമ്മിക്കുന്ന സെന്ററിനായി 42 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. കണ്ണൂർ പടിയൂരിലെ എ.ബി.സി കേന്ദ്രത്തിന്റെ അതേ മാതൃകയിലാണ് മങ്കടയിലും സെന്റർ നിർമ്മിക്കുക. പ്രീ ഫാബ് കെട്ടിടമാണ് പടിയൂരിലേത്. ഈ മാസം 17ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, വന്ധ്യംകരണത്തിൽ പ്രാവീണ്യം നേടിയ ഡോ. കാർത്തികേയൻ, ഡോ.മധുസൂദനൻ എന്നിവർ പടിയൂരിലെ എ.ബി.സി കേന്ദ്രം സന്ദർശിക്കും. അതിന് ശേഷം എത്ര തുക പദ്ധതി നടത്തിപ്പിന് വേണമെന്ന കാര്യത്തിൽ ധാരണയാകും.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിലാവും പ്രവർത്തനം. ഓപ്പറേഷൻ തിയേറ്റർ, പ്രീ-ഓപ്പറേറ്റിംഗ് കെയർ, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക ശേഷം മുറിവുണങ്ങുന്നത് വരെ ശുശ്രൂഷിക്കാനായുള്ള പോസ്റ്റ്-ഓപ്പറേറ്റിംഗ് കെയർ, ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവ എ.ബി.സി കേന്ദ്രത്തിൽ സജ്ജമാക്കും. കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിച്ച് തെരുവുനായകളെ വന്ധ്യംകരിക്കും. മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തിരിച്ചുവിടും.

ജില്ലയിലെ നാല് ഗ്രാമ പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കേന്ദ്രത്തിന്റെ നടത്തിപ്പ് ബാദ്ധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമാകുമോ എന്നതും ചൂണ്ടിക്കാണിച്ച് പഞ്ചായത്തുകൾ താത്പര്യം കാണിച്ചില്ല.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *