
Perinthalmanna Radio
Date: 16-06-2023
പെരിന്തൽമണ്ണ: കെഎസ്ആർടിസി ആരംഭിക്കുന്ന കൊറിയർ സർവീസ് ആദ്യ ഘട്ടത്തിൽ ജില്ലയിലെ 4 യൂണിറ്റുകളിലും. 16 മണിക്കൂറിനകം സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും അയൽ സംസ്ഥാനങ്ങളിലെ ചില കേന്ദ്രങ്ങളിലേക്കും കൊറിയർ എത്തിക്കും. ഇന്നലെ സംസ്ഥാനതല ഉദ്ഘാടനം നടന്നെങ്കിലും ജില്ലയിലെ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനം അടുത്ത ആഴ്ചയേ പൂർണ തോതിൽ ആരംഭിക്കൂ. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ യൂണിറ്റുകളിൽ ഇതിനായി പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരെയും തിരഞ്ഞെടുത്തു. പൊന്നാനിയിൽ യൂണിറ്റിൽ തന്നെ വേണോ കൂടുതൽ സൗകര്യപ്രദമായ തിരൂർ ഓപറേറ്റിങ് സെന്റർ കേന്ദ്രീകരിച്ചു വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ സൗകര്യങ്ങളും സാങ്കേതിക നടപടികളും പൂർത്തിയാക്കാനുണ്ട്. തിങ്കളാഴ്ച തന്നെ ജില്ലയിൽനിന്നു കൊറിയർ അയച്ചു തുടങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നടപടി ക്രമങ്ങൾ നീണ്ടാലും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കൊറിയർ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായി ഇതു സംബന്ധിച്ച പ്രചാരണം നൽകും. രണ്ടാം ഘട്ടത്തിൽ എടപ്പാളിലെ വർക്‌ഷോപ് കേന്ദ്രീകരിച്ചും കൊറിയർ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ജില്ലയിലെ യൂണിറ്റുകളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണു കൊറിയർ സേവനം ലഭിക്കുക. യൂണിറ്റുകളിൽനിന്നു നേരിട്ടു ബസ് ഇല്ലാത്ത ഇടങ്ങളിലേക്കാണു കൊറിയർ അയയ്ക്കേണ്ടതെങ്കിൽ ആദ്യം അവ കോഴിക്കോട്, തൃശൂർ പോലെയുള്ള ഹബ്ബിലേക്കു വിടും. അവിടെ നിന്ന് അതതു സ്ഥലങ്ങളിലേക്ക് അയയ്ക്കും. സംസ്ഥാനത്തിനു പുറത്തു ബെംഗളുരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും കൊറിയർ അയയ്ക്കാൻ സൗകര്യമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
