പ്ലസ് വൺ ആദ്യ അലോട്‌മെന്റ്; ജില്ലയിൽ 46,133 പേർ പുറത്ത്

Share to

Perinthalmanna Radio
Date: 20-06-2023

മലപ്പുറം : പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 46,133 കുട്ടികൾ പുറത്ത്. 34,889 വിദ്യാർഥികൾക്കാണ് അവസരംകിട്ടിയത്.

മലപ്പുറത്ത് 81,022 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ അപേക്ഷിച്ചത്. ഇതിൽ പകുതി കുട്ടികൾക്കുപോലും ആദ്യ അലോട്‌മെന്റിൽ ഇടം കിട്ടിയിട്ടില്ല. ഗവ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 12,732 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. എയ്ഡഡ് സ്കൂളുകളിൽ 9,985 മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട സീറ്റുകളുമുണ്ടാകും.

അൺ എയ്ഡഡ് സ്കൂളുകളിൽ പണം കൊടുത്ത് പഠിക്കാവുന്ന 10,150 സീറ്റുകളുമുണ്ട്. ഈ വിഭാഗത്തിലെ ഒട്ടുമിക്ക സീറ്റുകളും മുൻ വർഷങ്ങളിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അൺ എയ്ഡഡിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം നടന്നാലും ജില്ലയിൽ പതിമൂവായിരത്തിലധികം പേർക്ക് പ്ലസ് വൺ പ്രവേശനം കിട്ടില്ല.

മറ്റു ജില്ലകളിൽ ഒഴിഞ്ഞുകിടന്ന 14 ബാച്ചുകൾ ഇത്തവണ മലപ്പുറത്തേക്ക് മാറ്റിയിരുന്നു. അതുവഴി 910 സീറ്റുകളാണ് കിട്ടിയത്. ആ ബാച്ചുകളും ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സയൻസ് വിഭാഗത്തിൽ 780 -ഉം ഹ്യൂമാനിറ്റീസിൽ 130 -ഉം സീറ്റുകളാണ് ഈ ബാച്ചുകളിലുണ്ടാവുക.

ജനറൽ (22,386 സീറ്റുകൾ), ഈഴവ തിയ്യ, ബില്ലവ (2,518), മുസ്‌ലിം (2,336) വിഭാഗങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ആദ്യ ഘട്ടത്തിൽ അലോട്‌മെന്റ് പൂർത്തിയായി.

ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവർ തിങ്കളാഴ്ച മുതൽതന്നെ സ്കൂളുകളിൽ പ്രവേശനം നേടിത്തുടങ്ങി. ബുധനാഴ്ച വരെയാണ് പ്രവേശനം നേടാനുള്ള അവസരം. ആദ്യ ഓപ്ഷൻ കൊടുത്ത സ്കൂളിൽ അലോട്‌മെന്റ് കിട്ടിയവർ ഫീസടച്ച് സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർ ഹയർഓപ്ഷൻ നിലനിർത്തി താത്കാലിക പ്രവേശനം നേടിയാൽ മതിയാകും. ഇനിയുള്ള അലോട്‌മെന്റുകളിൽ ആദ്യ ഓപ്ഷൻ കൊടുത്ത സ്കൂളുകളിൽ സീറ്റ് കിട്ടുകയാണെങ്കിൽ അവർക്ക് അങ്ങോട്ടുമാറാം. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും തിങ്കളാഴ്ച ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *