പരിയാപുരത്ത് വീണ്ടും മോഷണം; നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

Share to

Perinthalmanna Radio
Date: 27-06-2023

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് മില്ലുംപ‌ടിയിൽ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം 72 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന വീടിന്റെ ഗേറ്റിന് മുൻവശത്തെ ജാറത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ടു തകർത്താണ് പണം മോഷ്‌ടിച്ചത്. അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മാസങ്ങളായി മോഷ്‌ടാക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ആഴ്‌ചകൾക്ക് മുൻപ് 72 പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം ന‌ടന്ന പുതുപറമ്പിൽ സിബിയുടെ വീടിനു മുൻവശത്താണ് മീറ്ററുകൾ അകലെ പുതിയ മോഷണം. വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. 

കഴിഞ്ഞ മാസം അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഓഫിസിൽ മോഷണം നടന്നിരുന്നു. ഈ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പ്രദേശത്തെ ചില വീടുകളിലും മോഷണ ശ്രമം ഉണ്ടായി. പരിയാപുരത്തെ വീട്ടിൽ മോഷണം നടന്നതിന്റെ അടുത്ത ദിവസം മഖാമിലെ നേർച്ചപ്പെട്ടിയിലെ പണം ഭാരവാഹികൾ എടുത്തു മാറ്റിയിരുന്നു. അതിനു ശേഷമുള്ള പണമേ നേർച്ചപ്പെ‌ട്ടിയിലുള്ളൂവെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്നലെ ജാറത്തിലേക്ക് എത്തിയ വിശ്വാസികളാണ് നേർച്ചപ്പെട്ടി തകർത്ത നിലയിൽ കണ്ടെത്തിയത്. 

മുൻപും ജാറത്തിലെ നേർച്ചപ്പെട്ടിയുടെ പൂട്ടു പൊളിച്ച് മോഷണം നടന്നിരുന്നു. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം നടത്തി. അങ്ങാടിപ്പുറത്തും പരിയാപുരത്തും മുൻപ് നടന്ന പല മോഷണങ്ങളിലും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *