Perinthalmanna Radio
Date: 12-07-2023
പണയം വച്ചാൽ പൊന്നിനെക്കാൾ വില കിട്ടുമെന്ന സ്ഥിതിയിലേക്കാണു പച്ചക്കറികളുടെ പോക്ക്! വില കൂടിയതോടെ സാമ്പാർ മുതലുള്ള ഇഷ്ട വിഭവങ്ങൾ തീൻമേശയിൽ നിന്ന് ഒഴിവാക്കുകയാണ് ജനം. ചില പച്ചക്കറികളുടെ വില കുറഞ്ഞു വരുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ കറി വിശേഷങ്ങളിലെ പ്രധാനിയായ തക്കാളി കൂട്ടത്തിലെ സമ്പന്നനായി തുടരുകയാണ്. കുതിച്ചുയരുകയാണ് ഇഞ്ചി. വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകുമെല്ലാം പോക്കറ്റിൽ എരിവു നിറച്ചു കൊണ്ടേയിരിക്കുന്നു.
∙ തക്കാളിക്ക് ഇന്നലെ മാർക്കറ്റിൽ 100 രൂപയാണ് വില. വലിപ്പം കുറഞ്ഞ തക്കാളിക്ക് 90 രൂപയാണ് വില. വില്ലനായി തക്കാളി മാറിയതോടെ കറികളിൽ നിന്ന് തക്കാളി ഉപേക്ഷിക്കുകയാണു പലരും. തക്കാളിയുടെ സോസ് കറിയിലിട്ട് സ്വാദ് വരുത്താൻ ശ്രമിക്കുന്ന വീട്ടമ്മമാരുണ്ട്.
∙ പച്ചമുളകിനു 115 രൂപയാണു വില. 5 രൂപ കുറഞ്ഞതാണു ചെറിയ ആശ്വാസം. വെളുത്തുള്ളി 190 രൂപയിട്ട് വലിയ ഗമയിലാണ്. ചെറിയ ഉള്ളിയുടെ വില 180 രൂപ. കാലങ്ങളായി 50 – 60 രൂപയിൽ ലഭിച്ചിരുന്ന ഇഞ്ചി ഇപ്പോൾ കിട്ടണമെങ്കിൽ 250 രൂപ കൊടുക്കണം. കർണാടക, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് ഇത് വരുന്നത്. കർണാടകയിൽ നിന്നുള്ള ചുവപ്പ് നിറം കലർന്ന വലിപ്പമേറിയ ഇഞ്ചിയാണ് ഇപ്പോൾ കടകളിൽ വ്യാപകമായി എത്തുന്നത്.
∙ മത്തൻ കൊണ്ടൊരു കറി വയ്ക്കാമെന്നു കരുതിയാൽ ഇനി പെട്ടെന്നൊന്നും സാധിക്കില്ല. 33 രൂപയാണ് വില. ഇളവനെന്നാണ് പേരെങ്കിലും കുമ്പളങ്ങ വിലയിൽ വലിയവനാണ്. മത്തനൊപ്പം 33 രൂപയ്ക്കു തന്നെയാണ് വിൽപന. ബീൻസ് 79, വെണ്ട 55, ഇങ്ങനെ പോകുകയാണ് പച്ചക്കറി വില. ജനത്തിനൊപ്പം വ്യാപാരികളും പ്രയാസത്തിലാണ്. വാങ്ങിക്കൊണ്ടു വയ്ക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാരില്ലാത്ത സ്ഥിതി.
∙ വില കൂടുന്ന കൂട്ടത്തിൽ പെട്ടെങ്കിലും പിന്നീട് അൽപം കുറഞ്ഞ് അടുക്കളയിൽ തിരിച്ചെത്തിയ പച്ചക്കറികളുമുണ്ട്. വെള്ളരി ഇത്തരത്തിൽ വില കുറഞ്ഞ പച്ചക്കറിയാണ്. നിലവിൽ 24 രൂപയാണു വില. കാബേജിനു 30, വഴുതനയ്ക്ക് 30, മുരിങ്ങ 50, കക്കിരി 25 എന്നിങ്ങനെ വില കുറഞ്ഞിട്ടുണ്ട്. വലിയ ഉള്ളി വില 25 രൂപയിലേക്കു താഴ്ന്നിട്ടുണ്ട്.
∙ പച്ചക്കറികളുടെ വില കൂടാൻ കാരണം കർണാടകയിലെ മൊത്തക്കച്ചവടക്കാരാണെന്നു വ്യാപാരികൾ ആരോപിക്കുന്നു. മുൻപ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി ലഭിച്ചിരുന്നു. ആ സമയം വില നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇടക്കാലത്തുണ്ടായ മഴ അവിടെയുള്ള കൃഷി നശിപ്പിച്ചു. ഇതോടെ അവരും മലയാളികൾക്കൊപ്പം കർണാടകയെ ആശ്രയിച്ചു തുടങ്ങി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ