Perinthalmanna Radio
Date: 14-07-2023
ശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ ചിറകിലേറ്റി ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആര്‍.ഒയുടെ 40 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി.
ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എല്‍.വി.എം 3 റോക്കറ്റ് എത്തിക്കുക. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്.
പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്‍റെ സഹായത്തോടെ ഭൂമിയെ വലംവെക്കുന്ന പേടകം വരും ദിവസങ്ങളില്‍ ഭ്രമണപഥം ഘട്ടം ഘട്ടമായി വികസിപ്പിച്ച് 40 ദിവസം കൊണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ചന്ദ്രന്‍റെ കാന്തികവലയത്തില്‍ പ്രവേശിക്കുന്ന പേടകം 100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തിലേക്ക് മാറും. ഭ്രമണപഥം ചെറുതാക്കുന്ന പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രന്‍റെ 30 കിലോമീറ്റര്‍ അടുത്തേക്ക് ലാൻഡറിനെ എത്തിക്കും.
പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട ലാൻഡര്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുള്ള ശ്രമം തുടങ്ങും. ഇതിനായി വെലോസിറ്റി കുറക്കാൻ ലാൻഡറിലെ നാല് ത്രസ്റ്ററുകള്‍ എതിര്‍ദിശയിലേക്ക് പ്രവര്‍ത്തിക്കും. ചന്ദ്രനോട് കൂടുതല്‍ അടുത്തെത്തുന്ന ലാൻഡര്‍ നാലു കാലുകള്‍ ഉപയോഗിച്ച് സോഫ്റ്റ് ലാൻഡിങ് ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുന്ന ലാൻഡറിലെ റാംപിലൂടെ ആറു ചക്രങ്ങളുള്ള റോവര്‍ ഉരുണ്ടിറങ്ങും. ചന്ദ്രനില്‍ നിന്ന് ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങള്‍ ലാൻഡര്‍ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിന് കൈമാറും. 14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തിലാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ ഉപരിതലത്തില്‍ പരീക്ഷണം നടത്തുക.
ലാൻഡറും റോവറും പ്രൊപ്പല്‍ഷൻ മൊഡ്യൂളും ഉള്‍പ്പെടുന്നതാണ് 3900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്ന് പേടകം. 26 കിലോയുള്ള റോവര്‍ ഉള്‍പ്പെടെ 1752 കിലോയാണ് ലാൻഡറിന്‍റെ ആകെ ഭാരം. ചന്ദ്രയാൻ രണ്ടുമായി താരതമ്യം ചെയ്താല്‍ പരീക്ഷണ ഉപകരണങ്ങള്‍ കുറവായ പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്‍റെ ഭാരം 2148 കിലോഗ്രാമാണ്. 300 കോടി രൂപയാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ആകെ ചെലവ്.
ചന്ദ്രയാൻ മൂന്നില്‍ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം ലാൻഡറിലും രണ്ടെണ്ണം റോവറിലും ഒരെണ്ണം പ്രൊപ്പല്‍ഷൻ മൊഡ്യൂളിലുമാണ്. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിര്‍ണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെൻസിറ്റീവ് അയണോസ്ഫിയര്‍ ആൻഡ് അറ്റ്മോസ്ഫിയര്‍ , ചന്ദ്രോപരിതലത്തിലെ ധ്രുവ പ്രദേശത്തിന്‍റെ താപനില പഠിക്കാനുള്ള ചന്ദ്ര സര്‍ഫേസ് തെര്‍മോഫിസിക്കല്‍ എക്സ്പിരിമെന്‍റ്, ലാൻഡിങ് സൈറ്റിലെ ഭൂകമ്ബ സാധ്യത അളക്കാനുള്ള ഇൻസ്ട്രമെന്‍റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി , നാസയില്‍ നിന്നുള്ള ലേസര്‍ റിട്രോ റിഫ്ലക്ടര്‍ അറേ എന്നിവയാണ് ലാൻഡറിലുള്ളത്.
ചന്ദ്രനിലെ രാസഘടന പരിശോധിക്കാനുള്ള ലേസര്‍ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ്പ്, ചന്ദ്രനിലെ മൂലകഘടന നിര്‍ണയിക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്‌ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് റോവറിലുള്ളത്. ചന്ദ്രനെ വലംവെക്കുന്ന പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കാനുള്ള സ്പെക്‌ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് ആണ് മറ്റൊരു ഉപകരണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ