Perinthalmanna Radio
Date: 04-11-2023
പെരിന്തൽമണ്ണ: റിബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2020-ൽ നിർമാണം ആരംഭിച്ച പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള റോഡ് തകർന്നതിനെ ചൊല്ലി നാൾക്കുനാൾ പ്രതിഷേധ സമരങ്ങൾ ശക്തമാകുമ്പോൾ അധികൃതർക്ക് മറുപടി പറയാനാകുന്നില്ല. കേവലം 30.88 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പ്രവൃത്തി പൂർത്തികരിക്കാൻ രണ്ടര വർഷം കഴിഞ്ഞിട്ടും കരാറെടുത്ത കെ.എം.സി കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 2020 സെപ്തംബർ 29-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച റോഡാണിത്. ഇതിന് സമാനമായി പണി തുടങ്ങിയ ചെർപ്പുളശേരി – തൂത, മുക്കം – മേലാക്കം റോഡുകളുടെ പണി പൂർത്തിയാക്കിയിട്ടും പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള പട്ടാമ്പി റോഡ് പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുകയാണ്.
2021 ജനുവരി 20-ന് ആരംഭിച്ച പ്രവൃത്തി രണ്ട് വർഷവും പത്ത് മാസവും പിന്നിട്ടിട്ടും 52 ശതമാനം പൂർത്തിയാക്കാൻ മാത്രമേ സാധിച്ചിട്ടുള്ളു. 144 കോടി രൂപയുടെ ബൃഹൃദ് പദ്ധതിയായിട്ടും പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് മോണിറ്ററിങ് സമിതി ഇല്ല എന്നത് തന്നെ ജോലി താളം തെറ്റിക്കാൻ കരാറുകാരന് വഴി ഒരുക്കുകയും ചെയ്തതായാണ് ആക്ഷേപം. 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട ജോലി മൂന്ന് വർഷം തികയുമ്പോഴും പൂർത്തിയാക്കിയിട്ടില്ല എന്നത് പൊതു മരാമത്ത് വകുപ്പിന്റെ പിടിപ്പുകേടായാണ് വിലയിരുത്തുന്നത്. എടുത്ത ജോലിക്ക് എട്ട് കോടി കരാറുകാരന് ലഭിക്കാണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് എന്ന നിലയിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി ദിനേന കടന്നു പോവുന്നത്. പ്രധാനപ്പെട്ട റോഡിനോട് സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന അവഗണനക്ക് എതിരെ വൻ ജനരോക്ഷമാണ് ഉയരുന്നത്. റോഡ് കടന്ന് പോകുന്ന പ്രദേശത്തിലെ രാഷ്ട്രീയ കക്ഷികൾ ചെറു സമരങ്ങൾ നേരത്തെ പല തവണ നടത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം ജനപ്രതിനിധി നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ വൻ ബഹുജന സമര യാത്ര ഒരുക്കിയത്. ഇപ്പോഴിതാ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റോഡിന്റെ രണ്ടറ്റത്തു നിന്നും രണ്ട് പ്രതിഷേധ മാർച്ചുകൾ ഒരേ സമയം നടത്താൻ തയാറെടുക്കുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകൾ റൂട്ടിൽ സർവിസ് നിർത്തിവച്ച് പ്രതിഷേധിച്ചിരുന്നു. 30 കിലോമീറ്റർ ദൂരം പരമാവധി ഒരു മണിക്കൂർ കൊണ്ട് എത്താമെന്നിരിക്കേ കുണ്ടും കുഴയുമായി കിടക്കുന്ന റോഡിലൂടെ പോയാൽ ഇരട്ടിയിലധികം സമയം വേണ്ടി വരുന്നതാണ് ഇപ്പോഴത്തെ അനുഭവം. പുനരുദ്ധാരണ പ്രവൃത്തി കൃത്യമായി പൂർത്തീകരിക്കാത്തത് മൂലം തകർന്ന പട്ടാമ്പി റോഡിൽ അപകടത്തിൽ പെട്ട് രണ്ടു ജീവനുകൾ പൊലിഞ്ഞതായി കഴിഞ്ഞ ദിവസം എം.എൽ.എ വെളിപ്പെടുത്തിയത് റോഡിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇത്രയധികം പ്രതിഷേധം ഉയരുമ്പോഴും അധികൃതർ വ്യക്തമായ നടപടി സ്വീകരിക്കാത്തതിനാൽ വരും നാളുകളിൽ കൂടുതൽ സമരങ്ങൾക്ക് പട്ടാമ്പി റോഡ് വേദിയാകാനാണ് സാധ്യത.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ