നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരിക്കുമ്പോൾ പച്ചപ്പും ഗുൽമോഹറിന്റെ ചുവപ്പും ഓർമയിലേക്ക്

Share to

Perinthalmanna Radio
Date: 04-11-2023

മേലാറ്റൂർ : കൃഷ്ണ ഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓർമിപ്പിച്ചും ഒട്ടേറെ ട്രെയിനുകൾ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളിൽ പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾതുള്ളികൾ പെയ്തിട്ടുണ്ട്. ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്ന് കാതിലാരോ സ്വകാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാൾ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അണിനിലാത്തിരിയിട്ട മണിവിളക്കായി മനം അഴകോടെ മിന്നിത്തുടിച്ചിട്ടുമുണ്ട്.

ഒരുകാലത്ത് കാല്പനികതയുടെ ലോകത്തേക്ക് യാത്രക്കാരനെ ചൂളംവിളിച്ചുകൊണ്ടുപോയ ആ പാത പതുക്കെ മാറുകയാണ്. ട്രെയിനുകൾ ഇനിയും ഇതുവഴി കടന്നുപോകും. പക്ഷേ, ആ കാഴ്ചകളൊരുക്കാൻ, അനുഭൂതി പകരാൻ ഗുൽമോഹറിന്റെ അരുണിമയോ പ്രകൃതിയുടെ പച്ചപ്പോ ഇനിയിവിടെ ഉണ്ടാകില്ല.

ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാത വൈദ്യുതീകരിക്കുമ്പോൾ നഷ്ടമാകുന്നത് പച്ചപ്പിന്റെ മനോഹാരിതയും ഗുൽമോഹറിന്റെ അരുണിമയും. പാത വൈദ്യുതീകരിക്കുന്നതിന് മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമിക്കുന്നത്.

ചോലക്കുളത്തുള്ള 110 കെ.വി. സബ് സ്റ്റേഷനിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുക. ട്രാക്ഷൻ സബ് സ്റ്റേഷന്റെ നിർമാണത്തിന് പ്ലാറ്റ്‌ഫോമിന്റെ വടക്കുവശത്തുള്ള മരങ്ങൾ പൂർണമായും മുറിച്ചുനീക്കി. ഇവിടെ മണ്ണ് നിരത്തി സ്ഥലം നിരപ്പാക്കൽ പണി അന്തിമഘട്ടത്തിലെത്തി. മേലാറ്റൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ചുവപ്പു പരവതാനി പോലെ കൊഴിഞ്ഞുകിടക്കുന്ന ഗുൽമോഹറുകളുടെ ആ സുന്ദരകാഴ്ച ഇനിയുണ്ടാകില്ല.

പാളങ്ങൾക്ക് ഇരു വശത്തുമുള്ള മരങ്ങൾ എൺപത് ശതമാനവും മുറിച്ചുനീക്കും. അയ്യായിരത്തോളം മരങ്ങളാണ് പൂർണമായോ വലിയ ശാഖകൾ മാത്രമായോ മുറിച്ചുനീക്കുക. ഇവയ്ക്കു പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളൊന്നും റെയിൽവേ ആവിഷ്‌കരിച്ചിട്ടുമില്ല.

930 വൈദ്യുതി തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ച ഭാഗത്ത് അവ സ്ഥാപിച്ചു തുടങ്ങി. 2024 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. നിലമ്പൂരിൽ നിന്ന് ഷൊർണൂർ വരെ 67 കിലോമീറ്ററാണുള്ളത്. നിലവിൽ സർവീസ് നടത്തുന്ന ഡീസൽ വണ്ടികൾ ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് ഓടിയെത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂർ പത്ത് മിനിറ്റായി കുറയും.

രാജ്യറാണി ഉൾപ്പെടെ 14 തവണയാണ് ഈ പാതയിൽ നിലവിൽ തീവണ്ടികൾ സർവീസ് നടത്തുന്നത്. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ മെമു ഉൾപ്പെടെ കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *