Perinthalmanna Radio
Date: 08-11-2023
മങ്കട: മങ്കട സിഎച്ച്‌സിയിലെ രാത്രികാല ഒ.പി പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാരില്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കാൻ സിഎച്ച്‌സിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മങ്കട സിഎച്ച്‌സിയില്‍ രാത്രികാല ഒ.പി. സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. പദ്ധതി നടപ്പാക്കുക വഴി സിഎച്ച്‌സിയില്‍ 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.
ഓരോ മാസവും അയ്യായിരത്തിലധികം രോഗികളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതി താളംതെറ്റുന്ന വിധത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രികളില്‍ രണ്ടിലധികം ജീവനക്കാരെ നിയമിക്കരുതെന്നാണ് ഉത്തരവ്. നിലവില്‍ മങ്കട സിഎച്ച്‌സിയില്‍ രാത്രികാല ഒ.പിക്ക് പുറമെ റീഹാബിലിറ്റേഷൻ സെന്‍ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതിനായി പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി മൂന്നു ഡോക്ടര്‍മാരുള്‍പ്പടെ പതിമൂന്ന് ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.
14 നകം ഉത്തരവ് നടപ്പാക്കണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഇതേതുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് സര്‍വകക്ഷി യോഗം തീരുമാനിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.അസ്ഗര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടി.കെ.ശശീന്ദ്രൻ, ടി.ടി.ബഷീര്‍ (കോണ്‍ഗ്രസ്), ഫൈസല്‍ മാന്പള്ളി (സിപിഎം), സൈഫുള്ള കറുമുക്കില്‍ (മുസ്ലിം ലീഗ്), പി.ടി.ഷറഫുദ്ദീൻ (സിപിഐ), സി.അരവിന്ദൻ, പി.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ