
Perinthalmanna Radio
Date: 11-11-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ മാസങ്ങളായുള്ള പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി ഫൊറൻസിക് സർജൻ വെള്ളിയാഴ്ച ചുമതലയേറ്റു. നേരത്തേ ഇവിടെയുണ്ടായിരുന്നതും പിന്നീട് കൂട്ടിലങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്ത ഫൊറൻസിക് സർജൻ മെഹ്ജ് ഫാത്തിമയാണ് ചുമതലയേറ്റത്. ജോലിക്രമീകരണ വ്യവസ്ഥപ്രകാരം ആറു മാസത്തേക്കാണു നിയമനം.
പകരം ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ കൂട്ടിലങ്ങാടിയിലേക്കു നൽകിയിട്ടുണ്ട്. ആറുമാസത്തോളമായി ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തേ ഹജ്ജ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാണ് ഈ ഡോക്ടർ പെരിന്തൽമണ്ണയിൽനിന്നു പോയത്. പകരമെത്തിയയാൾ പ്രസവാവധിയിലും പ്രവേശിച്ചതോടെ ഫൊറൻസിക് സർജൻ ഇല്ലാതായി.
ഹജ്ജ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടറെ കൂട്ടിലങ്ങാടിയിലേക്കു നിയമിക്കുകയുംചെയ്തു. ഫൊറൻസിക് സർജൻ ഇല്ലാത്തതിനാലുള്ള പ്രയാസങ്ങളും അത്യാവശ്യമായി വേണ്ട പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് നിയോഗിക്കാതെ ഇവരെ പ്രാഥമികാ ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതും പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് എച്ച്.എം.സി. അംഗം സ്വന്തമായി നിവേദനം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം 20-ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജിനോട് നജീബ് കാന്തപുരം എം.എൽ.എ. അടക്കമുള്ളവരും ഇക്കാര്യമുന്നയിച്ചു. തുടർന്ന് ജോലിക്രമീകരണ വ്യവസ്ഥയിൽ ഫൊറൻസിക് സർജനെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഫൊറൻസിക് സർജൻ ഉള്ളതിനാൽ പ്രാഥമിക പരിശോധനയിൽ മറ്റു സംശയങ്ങൾ ഉന്നയിക്കപ്പെടാത്തവ പെരിന്തൽമണ്ണയിൽത്തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
