
Perinthalmanna Radio
Date: 12-11-2023
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, തണ്ടപ്പേ് രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ നടപടികൾ പാതി വഴിയിൽ നിലച്ചു. കോവിഡിന് മുൻപ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് സ്വകാര്യ ഏജൻസികളാരംഭിച്ച പ്രവർത്തനം നിലച്ചതോടെ രേഖകൾ ഇപ്പോഴും പൊടിഞ്ഞ കടലാസുകളിലും പൊടിപിടിച്ച ഫയലുകളിലുമൊതുങ്ങുന്നു.
റവന്യൂ വകുപ്പിന്റെ കംപ്യൂട്ടർവത്കരണത്തിനായി 2018-19 വർഷം അനുവദിച്ച 15.50 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയിരുന്നത്. ഇതിൽ അടിസ്ഥാന ഭൂനികുതി, തണ്ടപ്പേർ രജിസ്റ്റർ എന്നിവ ഡിജിറ്റൈസ് ചെയ്യന്നതിനായി ഒരു യൂണിറ്റിന് 70 പൈസ നിരക്കിൽ 4,32,64,000 പേജുകൾക്കായി മൂന്നു കോടി രണ്ടുലക്ഷത്തി എൺപത്തി നാലായിരം രൂപയ്ക്കാണ് ടെൻഡർ നൽകിയിരുന്നത്. സ്മാർട്ട് ഐ.ടി. സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ നേടിയിരുന്നത്. ഇവർ സ്കാനർ, കംപ്യൂട്ടർ, ബൈൻഡർ എന്നീ ഉപകരണങ്ങളുമായി എല്ലാ വില്ലേജ് ഓഫീസുകളിലുമെത്തി രേഖകൾ സ്കാൻചെയ്ത് ഡിജിറ്റൈസ് ചെയ്തശേഷം പഴയതുപോലെ ബൈൻഡ് ചെയ്തു വെക്കണണെന്നായിരുന്നു കരാർ. ഇതനുസരിച്ച് പല വില്ലേജുകളിലും ഇവരെത്തി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ കോവിഡ് വന്നതോടെ ഈ പ്രവൃത്തികൾ നിലച്ചു. 100 വർഷത്തോളം പഴക്കമുള്ള രേഖകളാണ് പല വില്ലേജ് ഓഫീസുകളിലും പൊടിയുന്ന അവസ്ഥയിലുള്ളത്. ഇവയിൽ ഭൂമി സംബന്ധമായ വളരെയേറെ പ്രാധാന്യമുള്ളവയാണ് ഫീൽഡ് മെഷർമെന്റ് ബുക്ക് (എഫ്.എം.ബി.) സ്കെച്ചുകൾ.
ഭൂപട വിവരങ്ങളും മറ്റും സ്കെച്ച് രൂപത്തിൽ പുസ്തകങ്ങളിലായി സൂക്ഷിക്കുന്നതാണ് എഫ്.എം.ബി. രജിസ്റ്റർ. ഇവ ചരിത്രരേഖയെന്ന നിലയിലും പുരാവസ്തു എന്ന നിലയിലുമെല്ലാം ഏറെ വിലപ്പെട്ടവയാണ്. ഇതുപോലും വലിയ തോതിൽ പൊടിഞ്ഞും ദ്രവിച്ചും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രേഖകൾ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ആസന്നഭാവിയിൽ ഇത്തരം രേഖകളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
