കരിപ്പൂർ വിമാനത്താവളത്തിൽ വരുന്നത് 800 കോടിയുടെ വികസനം

Share to

Perinthalmanna Radio
Date: 13-11-2023

കരിപ്പൂർ: റൺവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമി സംസ്ഥാനസർക്കാർ വിമാനത്താവള അതോറിറ്റിക്ക് കൈമാറിയതോടെ കോഴിക്കോട് വിമാന താവളത്തിൽ വരുന്നത് 800 കോടിയുടെ വികസനം. രാജ്യത്തെ മികച്ച അന്താരാഷ്ട്ര വിമാന താവളങ്ങളിൽ ഒന്നായി കരിപ്പൂരിനെ മാറ്റുകയാണു ലക്ഷ്യം. രാജ്യത്തെ പൊതു മേഖലാ വിമാന താവളങ്ങളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനത്താണ് കരിപ്പൂർ. മൊത്തത്തിൽ ഏഴാം സ്ഥാനത്തും.

വിമാനത്താവള വികസനത്തിൽ പ്രധാന തടസ്സം റൺവേയുടെ നീളക്കുറവായിരുന്നു. 9,000 അടിയുള്ള റൺവേ 13,000 അടിയാക്കണമെന്നും റൺവേയുടെ ഇരുവശങ്ങളിലും 250 മീറ്റർ വീതം റെസ നിർമിക്കണമെന്നുമാണ് വിമാനത്താവള അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്‌ധസമിതി നിർദേശിച്ചത്. ഇതിനാവശ്യമായ സ്ഥലം കിട്ടാതായപ്പോൾ, നിലവിലെ റൺവേ നീളം കുറച്ച് റെസ നിർമിക്കാനും വലിയ വിമാനങ്ങളുടെ സർവീസിന് അനുമതി നിഷേധിക്കാനും തീരുമാനിച്ചു. എന്നാൽ, സ്ഥലം കിട്ടിയതോടെ ഈ തീരുമാനത്തിൽ നിന്ന് അതോറിറ്റി പിന്മാറി.

റെസ -400 കോടി

400 കോടി രൂപ മുതൽ മുടക്കിൽ റൺവേ നീളം കൂട്ടും. റെസ നവീകരിക്കും. അതോടെ വലിയ വിമാനങ്ങൾക്ക് ഇതുവഴി സുഗമമായി ഇറങ്ങാനാവും.

പുതിയ എ.ടി.സി. ടെർമിനലിന് 200 കോടി

അത്യാധുനിക ഉപകരണങ്ങൾ വരും. അതോടെ വ്യോമഗതാഗതം കൂടുതൽ സുരക്ഷിതമാകും. കോഴിക്കോടിന് മുകളിലൂടെയുള്ള അന്താരാഷ്ട വ്യോമപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുമാവും.

നാവിഗേഷൻ സംവിധാനം -100 കോടി

സ്ഥലപരിമിതിമൂലം പരാധീനതകൾ നേരിടുന്ന നാവിഗേഷൻ സംവിധാനം പുതുക്കി സ്ഥാപിക്കാനാകും.

അടിസ്ഥാനവികസനം -100 കോടി

റോഡുകൾ, പാർക്കിങ് ബേകൾ എന്നിവ നവീകരിക്കും. വിമാനങ്ങൾ നിർത്തിയിടുന്ന കേന്ദ്രങ്ങളുടെ നവീകരണവും ലക്ഷ്യം

റൺവേയുടെ നീളംകൂട്ടാനും റെസ പുനഃസ്ഥാപിക്കാനും സാധിക്കുന്നതോടെ വൻ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കോഡ് ഇ ഇനത്തിൽപ്പെട്ട വിമാനങ്ങൾക്ക് കരിപ്പൂരിലെത്താനാകും. സൗദി എയർലൈൻസ്, എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ തിരിച്ചെത്തും. പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ കാത്തിരിക്കുന്ന ടൈഗർ എയർ പോലെയുള്ള വിമാനക്കമ്പനികൾക്കും കോഴിക്കോട് അനുമതി ലഭിക്കും.

കാർഗോ കയറ്റുമതിയിലും വൻ കുതിച്ചുചാട്ടമുണ്ടാകും. പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാൻ ഏറ്റവും അനുയോജ്യമായ വിമാനത്താവളമാണ് കരിപ്പൂർ. കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിമാനത്താവളമാണിത്. നിലവിൽ വലിയ വിമാനങ്ങൾ ഇല്ലാത്തതിനാൽ വിദേശ കയറ്റുമതിയുടെ 20 ശതമാനത്തിനുതാഴെയാണ് ഇവിടെനിന്നുള്ളത്.

ഏറ്റെടുത്ത സ്ഥലത്ത് വികസനപ്രവർത്തനം നടത്തുന്നത് എയർപോർട്ട് അതോറിറ്റിക്ക് വലിയ പ്രതിസന്ധിയാണ്. 60 ദശലക്ഷം ക്യൂബിക്ക് മീറ്റർ മണ്ണ് ഉപയോഗിച്ചാണ് കരിപ്പൂരിലെ റൺവേ നിർമിച്ചത്. ഏകദേശം 10 ദശലക്ഷം ക്യൂബിക്ക് മീറ്റർ മണ്ണു കിട്ടിയാലേ പുതിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനാവൂ. ടെൻഡർ നടപടികളിൽ കമ്പനികൾ പങ്കെടുക്കാതിരിക്കുന്നതും അതോറിറ്റിക്കു തലവേദനയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *