
Perinthalmanna Radio
Date: 13-11-2023
അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാം. സൈബർ വിദഗ്ധരും പൊലീസ് ഉൾപ്പെടെ സുരക്ഷാവിഭാഗങ്ങളും നൽകുന്ന മുന്നറിയിപ്പാണിത്. ഇന്ത്യയിൽ ഭൂരിപക്ഷം പേരുടേയും ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലെന്നാണ് വിദ്ഗധരുടെ അഭിപ്രായം. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും പൂർണമായും സുരക്ഷിതമല്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഫോണിലെ ഡാറ്റ ഉപയോഗത്തിന്‍റെ തോത് അപ്രതീക്ഷിതമായി വർധിക്കുകയാണെങ്കിൽ അത് ഫോൺ ഹാക്ക് ചെയ്യുന്നുണ്ടെന്ന സൂചന നൽകുന്നതാണ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയറാണ് ഡാറ്റ ഉപഭോഗത്തെ വർധിപ്പിക്കുന്നത്. അതിനാൽ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ ശ്രദ്ധിക്കുന്നത് ഉചിതമാകുമെന്നും വിദഗ്ധർ പറയുന്നു. സാധാരണ ഗതിയിൽ പാസ്വേർഡ് ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്യുകയാണ് മിക്കയാളുകളും ചെയ്യുക. പാസ്വേർഡ് പ്രവർത്തനം തെറ്റായി കാണുന്നുണ്ടെങ്കിലും അത് ഫോൺ ഹാക്കായതിന്‍റെ സൂചനയാകാം. നമുക്ക് അറിയാത്ത ആപ്പുകൾ ഫോണിൽ കണ്ടാൽ അതും ഫോൺ ഹാക്ക് ചെയ്തതിന്‍റെ ലക്ഷണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്.
നമ്മുടെ അറിവിലില്ലാത്ത കോളുകൾ ഫോൺ ഹിസ്റ്ററിയിലുണ്ടെങ്കിൽ അതും ഇതിന്‍റെ സൂചനയാണ്. അതിനാൽ ഇക്കാര്യങ്ങൾ ഇടക്കിടെ പരിശോധിക്കുന്നത് നന്നാകുമെന്നാണ് വിദഗ്ധാഭിപ്രായം.
ലളിതമായ പാസ്വേർഡുകൾ ഉപയോഗിക്കുന്ന രീതി മാറ്റുന്നതാണ് ഹാക്കിങ്ങിൽ നിന്നും ഫോണുകളെ രക്ഷിക്കാനുള്ള പ്രധാന മാർഗം. ഇടക്കിടെ പാസ്വേർഡുകൾ മാറ്റുന്നതും നല്ലതായിരിക്കും. വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാൻ മറക്കരുത്. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗത്തിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ, സൈറ്റുകൾ, ലിങ്കുകളിൽ കയറുന്നതിലും ശ്രദ്ധിക്കണം. അപരിചിതമായ ലിങ്കുകളിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൈമാറാതിരുന്നാലും ഫോൺ ഹാക്ക് ചെയ്യുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷപെടാമെന്ന മുന്നറിയിപ്പാണ് സൈബർ വിദഗ്ധർ നൽകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
