കേരളത്തിൽ രോഗാണുക്കൾ പ്രതിരോധം നേടുന്നു; ആന്റിബയോട്ടിക് പണ്ടേപ്പോലെ ഫലിക്കുന്നില്ല

Share to

Perinthalmanna Radio
Date: 29-01-2023

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തിൽ കൂടുന്നതായി സംസ്ഥാന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവയലൻസ് നെറ്റ്വർക്ക് റിപ്പോർട്ട്. ബാക്ടീരിയൽ അണുബാധക്കെതിരേയുള്ള മാന്ത്രിക വെടിയുണ്ടകളായ ആന്റിബയോട്ടിക്കുകൾക്ക് ‘ശക്തികുറയുക’യാണ്. വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരേ അണുക്കൾ അഞ്ചു മുതൽ 84 ശതമാനംവരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആന്റിബയോട്ടികൾക്കെതിരേപ്പോലും അണുക്കൾ പ്രതിരോധമാർജിക്കുന്നു. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും.

ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റർ, സാൽമൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകൾക്ക് മുൻഗണന നൽകി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒൻപതു ജില്ലകളിലെ 21 കേന്ദ്രങ്ങളിൽ നിന്നായി 14,353 രോഗികളുടെ സാംപിളെടുത്താണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്. ഏത് ആന്റിബയോട്ടിക്കുകളാണ് ഫലപ്രദമാവുക എന്ന് മൈക്രോ ബയോളജിക്കൽ പരിശോധന നടത്തിയിട്ടേ നിർദേശിക്കാവൂ എന്ന് എ.എം.ആർ. വർക്കിങ് കമ്മിറ്റി കൺവീനർ ഡോ. കെ.പി. അരവിന്ദൻ പറയുന്നു.

വൈറൽ അസുഖങ്ങൾക്ക് ആന്റിബയോട്ടിക് വേണ്ട. പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നത് കുറവാണ്. അതിനാൽ വിലപ്പെട്ട മരുന്നുകളെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി സംവിധാനം ഉണ്ടാക്കിയത് കേരളത്തിലാണ്. ആന്റിബയോഗ്രാം റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. എല്ലാ ജില്ലയിലും നിലവിൽ ആന്റി മൈക്രോബിയൽ പ്രതിരോധ സമിതിയുണ്ട്. 2023-ൽ സംസ്ഥാനത്ത് സന്പൂർണ ആന്റിബയോട്ടിക് സാക്ഷരത വളർത്തലാണ് ലക്ഷ്യം. പക്ഷേ, അശാസ്ത്രീയ ഉപയോഗം കുറയ്ക്കാനാവുന്നില്ലെന്നതാണ് വെല്ലുവിളി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *