മാറുന്ന കോവിഡും മാറുന്ന ലോകവും; ഒരു കോവിഡ് അവലോകനം

Share to

Perinthalmanna Radio
Date: 01-01-2023

കോവിഡിന്റെ ഓരോ വകഭേദവും ഏറെ മാറ്റങ്ങളോടെയാണ് സംഭവിക്കുന്നത്. ഇപ്പോൾ വ്യാപിക്കുന്ന ബിഫ്‌.7 വകഭേദവും ഇതുവരെയുള്ളവയിൽനിന്ന് വളരെയധികം മാറ്റങ്ങൾ വന്നിട്ടുള്ള ഒന്നാണ്. കോവിഡിന്റെ ആദ്യകാലങ്ങളിലെ വൈറസുകളിൽ പലതരത്തിലുള്ള ജനിതകമാറ്റങ്ങളുണ്ടാകുകയും ഒന്നിനുപിറകെ ഒന്നായി മനുഷ്യശരീരത്തിൽ പെട്ടെന്ന് കടന്നുകയറി ഇൻഫെക്‌ഷനുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് ശരീരത്തിൽ പലതരത്തിലുള്ള പുതിയ പ്രതികരണങ്ങളുണ്ടാക്കാനും ആ വൈറസുകൾക്ക് കഴിഞ്ഞു.

ഓരോ തരംഗം കഴിയുമ്പോഴും വൈറസിന്റെ ശേഷിയിൽ പലതരത്തിൽ വ്യത്യാസം വന്നുകൊണ്ടിരുന്നു. ആദ്യത്തെ വൈറസിന് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള ശേഷി പിന്നീടുള്ളവയുമായി താരതമ്യംചെയ്യുമ്പോൾ കുറവായിരുന്നു. പക്ഷേ, ശരീരത്തിന്റെ പ്രതിരോധശേഷിയുമായി പ്രതിപ്രവർത്തിച്ച് മാറ്റങ്ങൾ വരുത്താനുള്ള ശേഷി അവയ്ക്ക് വളരെ കൂടുതലുമായിരുന്നു. ഓരോ തരംഗം കഴിയുന്തോറും പകർച്ചശേഷി കൂടിക്കൊണ്ടിരിക്കുകയും രോഗപ്രതിരോധശേഷിയുമായി പ്രതിപ്രവർത്തിച്ച് അവയവങ്ങളെ തകരാറിലാക്കാനുള്ള ശേഷി കുറയുകയുമാണ് ചെയ്തിരുന്നത്. അതോടെ പുതിയതരംഗങ്ങളിൽ രോഗം വളരെ പെട്ടെന്ന് എല്ലാവർക്കും ബാധിക്കാൻ തുടങ്ങി. മുഖാവരണം, സാമൂഹിക അകലം, കൈകഴുകൽ ഉൾപ്പെടെ മുൻകരുതലുകളെടുത്താലും ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ അതിനെയൊക്കെ അതിജീവിച്ചും മറികടന്നും വൈറസ് പകരുന്ന സ്ഥിതിയായി. രോഗം കിട്ടുന്നവർക്കാകട്ടെ വീട്ടിനുള്ളിൽത്തന്നെ ചികിത്സിച്ചാൽ മതിയെന്നതായിരുന്നു പ്രധാന ഗുണം. ആവശ്യമുള്ളപ്പോൾമാത്രം ആശുപത്രിയിൽ പോയാൽ മതിയെന്ന ബോധ്യത്തിലേക്ക് ജനങ്ങളെത്തുകയും ചെയ്തു. ഗുരുതരമാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിലും ആ ഘട്ടങ്ങളിൽ കുറവുണ്ടായി.

പുതിയ വകഭേദം വരുമ്പോൾ

ഇപ്പോഴുള്ള പുതിയ വകഭേദത്തിന്റെയും പ്രത്യേകത ഇതുതന്നെയാണ്. രോഗം പകരാനുള്ള ശേഷി ഈ വകഭേദത്തിനും കൂടുതലാണെന്നാണ് നിഗമനം.

നേരത്തേയുണ്ടായിട്ടുള്ള വകഭേദങ്ങൾ എത്രമാത്രം സമൂഹത്തിൽ വ്യാപിച്ചിരുന്നെന്നതും എത്രമാത്രം ആളുകൾ വാക്സിൻ എടുത്തെന്നതും എത്രത്തോളം ആളുകൾ കോവിഡ് വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി ആർജിച്ചിട്ടുണ്ടെന്നതിനെയുമെല്ലാം ആശ്രയിച്ചാണ് ഓരോയിടത്തും പുതിയ വൈറസിന്റെ പ്രതികരണമുണ്ടാകുക. കോവിഡ് തുടങ്ങിയ സമയത്ത് ഇതൊരു പുതിയ വൈറസായിരുന്നു. അതുകൊണ്ടുതന്നെ അത് കാട്ടുതീപോലെ പടർന്നുപിടിച്ചു. പിന്നീട് ജനങ്ങൾക്ക് രോഗം വന്നതിലൂടെ സ്വാഭാവികമായ പ്രതിരോധശേഷിയും വാക്സിനിലൂടെയുള്ള പ്രതിരോധശേഷിയും ആർജിക്കാനായി. മിക്കവരും വാക്സിൻ ബൂസ്റ്റർഡോസ് വരെ എടുത്തുകഴിഞ്ഞു. രണ്ടാംതരംഗത്തിലും പിന്നീടും പലയിടത്തും വളരെയേറെ ആളുകൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിരുന്നതിനാൽ സമൂഹം കുറെയൊക്കെ ആർജിതപ്രതിരോധശേഷിയിലേക്ക് (ഹെർഡ്‌ ഇമ്യൂണിറ്റി) എത്തിയിട്ടുണ്ട്.

ചൈനയിൽ, നേരത്തേ ഉണ്ടായതിനെക്കാൾ വേഗത്തിലാണ് പുതിയ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗം പകർന്നുകിട്ടുന്നവരിൽ വളരെ കുറച്ചാളുകൾക്കുമാത്രമേ ഗുരുതരാവസ്ഥ ഉണ്ടാകുന്നുള്ളൂ. പക്ഷേ, ­അങ്ങനെ ഗുരുതരമാകുന്നവരുടെ എണ്ണം ഒരേസമയത്ത് ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറത്തേക്ക് വർധിക്കുന്നതാണ് മരണസംഖ്യ കൂട്ടുന്നത്. ഗുരുതരമാകുന്ന എല്ലാവർക്കും വേണ്ടത്ര പരിചരണം നൽകാനാകാതെ വന്നാൽ, മരണനിരക്ക് ഉയരുകതന്നെ ചെയ്യും.

ഇന്ത്യയിൽ ആദ്യതരംഗങ്ങളെത്തുടർന്ന് കൈക്കൊണ്ട കരുതൽനടപടികൾ ആശുപത്രികളുടെ ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഓക്സിജൻ ബെഡ്ഡുകളുടെ എണ്ണം കൂട്ടാനും മരുന്നുകളുടെ ലഭ്യത വർധിപ്പിക്കാനും ഡോക്ടർമാർക്ക് ചികിത്സാപരിചയം നേടാനുമൊക്കെ ഈ കാലയളവിൽ കഴിഞ്ഞു. അതുകൊണ്ടുതന്നെ വലിയൊരു തരംഗമുണ്ടായാലും അതിനെ നേരിടാനുള്ള ശേഷി നമുക്കുണ്ടെന്നാണ് കരുതുന്നത്. പക്ഷേ, അപ്പോഴും ചൈനയിലുണ്ടാകുന്നതുപോലൊരു വ്യാപനമുണ്ടായാൽ എന്താകും സ്ഥിതിയെന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്. വളരെ പെട്ടെന്ന് തരംഗംവന്ന് കടന്നുപോയേക്കാം.

പ്രതിരോധ തന്ത്രം എന്ത്‌

കൂടുതൽ ആളുകൾക്ക് ഒരേസമയം രോഗംവരാതെ നോക്കുകയെന്നതുതന്നെയാണ് സ്വീകരിക്കേണ്ട പ്രധാന പ്രതിരോധതന്ത്രം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ നാം ചെയ്തതും വിജയിച്ചതും അതുതന്നെയാണ്. ഇതിന് പ്രധാനമായും ചെയ്യേണ്ടിവരുക രോഗമുണ്ടോയെന്നറിയാൻ ധാരാളംപേരെ പരിശോധിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവർ മറ്റുള്ളവരിലേക്ക് പകരാതെ കഴിയുന്നത്ര ശ്രദ്ധിക്കുക. യാത്രചെയ്തുവരുന്നവരിൽ രോഗം കണ്ടെത്തിയാൽ അവരെ പഴയതുപോലെ ക്വാറന്റീൻ ചെയ്യുകയും രോഗം പകരാനുള്ള ശേഷി മറികടക്കുന്നതോടെ ക്വാറന്റീനിൽനിന്ന് മുക്തമാക്കുകയും ചെയ്യാം. അതിന് പരമാവധി ഏഴുദിവസംവരെയൊക്കെ മതിയാകും. അതിലൂടെ ഇവിടെ രോഗം വ്യാപിക്കുന്ന സമയം നമുക്ക് കുറച്ചെടുക്കാനാകും.

മുഖാവരണം വീണ്ടും ഉപയോഗിച്ചുതുടങ്ങുന്നത് വളരെ നല്ലതാണ്. മുഖാവരണം ധരിക്കുന്നതിലൂടെ വൈറസ് മാത്രമല്ല മറ്റ് ശ്വാസകോശരോഗങ്ങൾക്ക് കാരണമായേക്കാവുന്ന രോഗാണുക്കൾ പകരുന്നതും തടയാനാകും. സാമൂഹിക അകലം പാലിക്കാൻ പഴയതുപോലെ സാധിച്ചില്ലെങ്കിലും അടച്ച ഇടങ്ങളിലും മറ്റും പരിധിയിലേറെ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുകതന്നെയാണ് നല്ലത്. കോവിഡ് വൈറസ് എന്നത് സമൂഹത്തിൽനിന്ന് പരിപൂർണമായി തുടച്ചുനീക്കപ്പെടാൻ സാധ്യതയുള്ള ഒന്നല്ല. കോവിഡിനൊപ്പം ജീവിക്കുകയെന്നതാണ് ഇനിയുള്ള കാലത്ത് സാധ്യമായത്. ജനിതകമാറ്റം വന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഓരോ വകഭേദത്തോടുമുള്ള പ്രതിരോധശേഷി ശരീരത്തിനുണ്ടാകുകയാണ് പ്രധാനം. രോഗം പകരുന്നത് പരമാവധി കുറയ്ക്കാനും പകർന്നാൽത്തന്നെ ഇതുവരെ ആർജിച്ച അറിവും പ്രതിരോധശേഷിയും ഉപയോഗിച്ച് അതിനെ മറികടക്കാനും നമുക്ക് സാധിക്കണം. കോവിഡിന്റെ തുടക്കത്തിൽ പകച്ചുപോയ ലോകത്തെ ശാസ്ത്രലോകം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചെടുത്ത അതേ പ്രതിരോധതന്ത്രങ്ങൾക്കുതന്നെയാണ് എപ്പോഴും പ്രസക്തി.

യു.എൻ. കൺസോർഷ്യത്തിന്റെ യുക്രൈൻ എമർജൻസി റെസ്‌പോൺസ്‌ ടീമിലെ മെഡിക്കൽ ഡയറക്ടറാണ്‌ ലേഖകൻ

അപകടകാരിയോ

പുതിയ അവതാരം

ഇപ്പോഴത്തെ BF7 ഒമിക്രോൺ തരംഗം ചൈനയിൽമാത്രമാണ് വ്യാപകമായി പടരുന്നത്. ഇന്ത്യയുൾപ്പെടെ മറ്റുരാജ്യങ്ങളിൽ വലിയ രോഗപ്പകർച്ചയില്ല. ആർജിത രോഗപ്രതിരോധവും വലിയതോതിലുള്ള വാക്സിനേഷൻകൊണ്ടുള്ള പ്രതിരോധശേഷിയും ചേർന്നുള്ള ഹൈബ്രിഡ് ഇമ്യുണിറ്റിയായിരിക്കാം ഇതിനുകാരണം. ഭയമോ ആശങ്കയോ വേണ്ടെങ്കിലും മാസ്കും സാമൂഹിക അകലം പാലിക്കലും കൈകഴുകലും, എയർപോർട്ടിൽ സ്ക്രീനിങ്‌ ഏർപ്പെടുത്തലും മതിയാകും. വരുന്ന രണ്ടാഴ്ചത്തെ മാറ്റങ്ങൾ ശ്രദ്ധയോടെ വിലയിരുത്തണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *