ന്യൂഡൽഹി: കോവിഡ് ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ലാത്തതിനാൽ കഴിഞ്ഞവർഷം ഡിസംബറിൽ കോവിഷീൽഡ് വാക്സിൻ ഉത്പാദനം നിർത്തിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാർ പൂനാവാല പറഞ്ഞു. അക്കാലത്ത് ശേഖരത്തിലുണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടർന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
വികസ്വരരാജ്യങ്ങളിലെ വാക്സിൻ നിർമാതാക്കളുടെ ശൃംഖലയുടെ വാർഷികപൊതുയോഗത്തിന്റെ ഭാഗമായിനടന്ന ത്രിദിന സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധവാക്സിനുകൾ മരുന്നുകമ്പനികളിൽനിന്ന് വാങ്ങുന്നത് നിർത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
വാക്സിനേഷനായി കേന്ദ്രബജറ്റിൽ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനൽകി. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് തുടരുകയാണ്. 1.8 കോടി ഡോസ് വാക്സിൻ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ആറുമാസത്തോളം വാക്സിനേഷൻ യജ്ഞം തുടരാൻ സ്റ്റോക്ക് പര്യാപ്തമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.