
Perinthalmanna Radio
Date: 09-05-2023
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസൽ കാറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ നിർദേശിച്ച് സർക്കാർ സമിതി. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനർജി ട്രാൻസിഷൻ അഡൈ്വസറി കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ പെട്രോൾ സെക്രട്ടറി തരുൺ കപൂർ നേതൃത്വത്തിലുള്ള പാനലാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
എന്നാൽ, പ്രധാനമായും നഗരപരിധിയിലുള്ള ഡീസൽ വാഹനങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസൽ വാഹനങ്ങളുടെ നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഡീസൽ കാറുകൾക്കും വാഹനങ്ങൾക്കും പകരം ഇലക്ട്രിക് അല്ലെങ്കിൽ സി.എൻ.ജി. ഇന്ധനമായുള്ള വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശത്തിലുള്ളത്.
ഡീസൽ ഇന്ധനമായ നാലുചക്ര വാഹനങ്ങളുടെ നിരോധനം അഞ്ച് വർഷത്തിനുള്ളിൽ ഉറപ്പാക്കണമെന്നും നഗരപ്രദേശങ്ങളിൽ ഡീസൽ ബസുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 2030-ഓടെ സിറ്റി സർവീസുകൾക്കായി ഇലക്ട്രിക് ബസുകൾ മാത്രമേ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനൊപ്പം 2024-ൽ തന്നെ ഡീസൽ ബസുകൾ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ സമിതിയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.
ഡീസൽ ഇന്ധനമാക്കിയുള്ള വാഹനങ്ങൾക്ക് പകരം ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ളവയ്ക്ക് റെയിൽവേ സംവിധാനങ്ങളേയും സി.എൻ.ജി. ഇന്ധനമായി ഉപയോഗിക്കുന്ന ട്രക്കുകളെയും ആശ്രയിക്കണം. ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ 10 മുതൽ 15 വർഷത്തിനുള്ളിൽ ഡീസലിൽ നിന്ന് ഇലക്ട്രിക്കിലേക്കോ, സി.എൻ.ജിയിലേക്കോ മാറണം. അതുപോലെ റെയിൽവേ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർണമായും വൈദ്യുതിയിലാകുമെന്നാണ് സമിതി വിലയിരുത്തുന്നത്.
നിലവിൽ 6.2 ശതമാനം സി.എൻ.ജി. വാഹനങ്ങളാണ് ഇന്ത്യയിലുള്ളത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയർത്തുകയാണ് രാജ്യത്തിന്റെ പ്രധാനലക്ഷ്യം. രണ്ട് മാസത്തേക്ക് വരെ ഉപയോഗിക്കാനുള്ള സി.എൻ.ജി. സംഭരിച്ച് വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ പദ്ധതികൾ ഒരുക്കണം. 2020-2050 കാലയളവിൽ സി.എൻ.ജിയുടെ ആവശ്യകത 9.78 ശതമാനം വർധിക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് സി.എൻ.ജി. സംഭരണ സംവിധാനങ്ങൾ ഒരുക്കണമെന്ന് സമിതി നിർദേശിച്ചിരിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
