രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി

Share to

Perinthalmanna Radio
Date: 24-03-2023

ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

*ശിക്ഷയ്ക്ക് വഴിവെച്ചത് ‘മോദി’ പ്രസംഗം*

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.

വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്രമോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ്‌ വേണ്ടതെന്നും ഇവർ പറഞ്ഞു.

എന്നാൽ, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.

പൂർണേഷിന്റെ അഭ്യർഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *