ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം. ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു.
കളിയിലും തീരുമാനങ്ങളിലും ടീം ഇന്ത്യക്ക് പിഴയ്ക്കരുത്. കൈവിട്ടുപോയാൽ തിരിച്ചുവരവിന് അവസരമില്ലാത്ത നോക്കൗട്ട് റൗണ്ടാണ് പുരോഗമിക്കുന്നത്. ഒറ്റജയമകലെ ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടം. രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും വിരാട് കോലിക്കും ഹാർദിക് പാണ്ഡ്യക്കുമൊപ്പം സൂര്യകുമാര്‍ യാദവിന്‍റെ 360 ഡിഗ്രി ഷോട്ടുകൾ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ആരാധകർക്ക് ആശങ്കയില്ല. വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തിക്കോ റിഷഭ് പന്തോ എന്നറിയാൻ ടോസ് വരെ കാത്തിരിക്കണം. ആരാണ് വിക്കറ്റ് കീപ്പറുടെ ഗ്രൗസണിയുകയെന്ന് രോഹിത് ശര്‍മ്മ വാര്‍ത്താസമ്മേളത്തില്‍ സൂചന നല്‍കിയിരുന്നില്ല. ബൗളിംഗ് നിരയിലും മാറ്റമുണ്ടാവില്ല.
ടീം ഇന്ത്യക്ക് ഇംഗ്ലണ്ട് കടമ്പ അത്ര എളുപ്പമല്ല. ട്വന്‍റി 20യിൽ എന്തിനും ഏതിനും പോന്നവരാണ് ജോസ് ബട്‍ലറും സംഘവും. മാർക് വുഡും ഡേവിഡ് മലാനും പരിക്കിൽ നിന്ന് പൂർണമുക്തരായിട്ടില്ല. പവർപ്ലേയിലെ പ്രകടനമായിരിക്കും കളിയുടെ ഗതി നിശ്ചയിക്കുക. അഡലെയ്‌ഡിൽ ബൗണ്ടറിയിലേക്കുള്ള ദൂരം കുറവായതിനാൽ കൂറ്റൻ ഷോട്ടുകൾ ഇരുനിരയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാം. പ്രവചിക്കാൻ കഴിയാത്ത പേസും ബൗൺസുമുള്ള ഓസ്ട്രേലിയ-അഫ്‌ഗാനിസ്ഥാൻ മത്സരം നടന്ന വിക്കറ്റിലാണ് കളി നിശ്ചയിച്ചിരിക്കുന്നത്. ടോസ് നിർണായകമാവില്ലെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കം കിട്ടിയേക്കും. മഴ കളി മുടക്കില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ