Perinthalmanna Radio
Date: 18-02-2023
പെരിന്തൽമണ്ണ ∙ ജില്ലയിൽ സപ്ലൈകോയുടെ നെല്ലു സംഭരണം തകൃതിയായി നടക്കുമ്പോഴും ഇതുവരെ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കർഷകർ. കിലോഗ്രാമിന് 28.20 രൂപ തോതിലാണ് ഇത്തവണ നെല്ല് സംഭരിക്കുന്നത്. മുൻ കാലങ്ങളിൽ പിആർഎസ് ലോൺ സംവിധാനം വഴി സംഭരണം നടത്തിയാൽ ഒരാഴ്‌ചയ്ക്കകം കർഷകർക്ക് വില ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ മറ്റ് പല ജില്ലകളിലും ഈ രീതി തുടരുമ്പോഴും മലപ്പുറം ജില്ലയിൽ രീതി മാറ്റി. സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നാണ് അധികൃതർ പറയുന്നത്.
ഡിസംബർ 12 ന് ശേഷം നെല്ലു നൽകിയവർക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ല. നെല്ല് സംഭരിച്ചതിന്റെ മുഴുവൻ കയറ്റുകൂലിയും ഇത്തവണ കർഷകനാണ് നൽകിയത്. ഒരു വിഹിതം പിന്നീട് സംഭരണ വിലയ്‌ക്കൊപ്പം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ ഒരേക്കറിൽ നിന്ന് 2200 കിലോഗ്രാം നെല്ല് സംഭരിച്ചിരുന്നു. എന്നാൽ ഇത്തവണ അത് 2100 കിലോഗ്രാം ആക്കി കുറച്ചു. ഇത്തവണ കർഷകർക്ക് വിളവ് കൂടുതലുമാണ്. മിക്ക കർഷകർക്കും ഏക്കറിന് 2400 കിലോഗ്രാം വരെ വിളവ് ലഭിച്ചിട്ടുണ്ട്. സംഭരണത്തിന് ശേഷവും പല കർഷകർക്കും നെല്ല് കെട്ടിക്കിടക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃഷിഭവൻ മുഖേന നൽകിയ പൊൻമണി നെല്ല് ആണ് സംഭരിക്കുന്നത്. ഈ നെല്ലിന് പുറത്ത് മാർക്കറ്റിൽ വില കുറവാണ്. ഇടത്തരം, ചെറുകിട കർഷകരെല്ലാം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പ എടുത്തും കടം വാങ്ങിയും മറ്റുമാണ് കൃഷിയിറക്കിയത്. സംഭരണ വില ലഭിക്കുന്നത് വൈകിയാൽ ബുദ്ധിമുട്ടാകും. ഇത്തവണ ജില്ലയിൽ നിന്ന് വിരിപ്പ്, മുണ്ടകൻ കൃഷി 800 ലോഡിന് മുകളിൽ ഇതുവരെ സംഭരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് മാസത്തോടെ 1200 ലോഡ് നെല്ലാണ് ജില്ലയിൽ സംഭരിച്ചത്. ഇത്തവണ അളവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ജനുവരി 31 വരെ സംഭരണം നടത്തിയവർക്ക് അടുത്ത ദിവസം തുക ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ